മൂന്ന് വർഷത്തിനുള്ളിൽ എയർ ടാക്‌സികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എയർ ടാക്‌സി സ്റ്റേഷനുകളുടെ രൂപരേഖയ്ക്ക് അംഗീകാരം നൽകി കഴിഞ്ഞു. ലോക ഗവൺമെന്റ് ഉച്ചകോടിക്ക് (WGS) ഒരു ദിവസം മുമ്പാണ് അത്യാധുനിക എഞ്ചിനീയറിംഗിന്റെ ഈ അത്ഭുതങ്ങൾ അരങ്ങേറിയത്. മൂന്ന് വർഷത്തിനുള്ളിൽ തന്നെ ദുബായ് നഗരത്തിന്റെ ഭാവി മുന്നിൽക്കണ്ടുള്ള പദ്ധതി ആരംഭിക്കുമെന്ന് ദുബായ് ഭരണാധികാരിയായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. എയർ ടാക്സികൾ ഇതിനോടകം 1000 പരീക്ഷണ പറക്കൽ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു.
ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാനുള്ള സൗകര്യമാണ് എയർടാക്സിയിലുണ്ടാവുക. ദുബായിലെ വെർട്ടിപോർട്ടുകൾ എന്നറിയപ്പെടുന്ന ഫ്ലയിംഗ് ടാക്‌സി സ്റ്റേഷനുകളുടെ ചിത്രങ്ങളും ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. ടാക്സികളിൽ നിന്നുണ്ടാകുന്ന വായു മലിനീകരണം നല്ലൊരളവിൽ കുറയ്ക്കാൻ വൈദ്യുതി എയർ ടാക്സികൾക്കു കഴിയും. പൈലറ്റുമാരില്ലാതെയും പ്രവർത്തിപ്പിക്കാൻ കഴിയുന്ന വിമാനങ്ങളും എയർ ടാക്സിയുടെ ഭാഗമാകും.
ഒരു ഫോർ വീൽ ഡ്രൈവ് വണ്ടിയിൽ സഞ്ചരിക്കുന്നതു പോലെ സുഖകരമായ യാത്രയാണ് എയർ ടാക്സികൾ വാഗ്ദാനം ചെയ്യുന്നത്. 2026ൽ എയർ ടാക്സികൾ നഗരങ്ങളെ ബന്ധിപ്പിച്ചു സർവീസ് തുടങ്ങുമ്പോൾ എയർ ട്രാൻസ്പോർട് പ്രയോജനപ്പെടുത്തുന്ന ആദ്യ നഗരമായി ദുബായ് മാറും.