ഈദ് അവധി: ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ച് ഖത്തർ പിഎച്ച്‌സിസി

ദോഹ: ഈദ് അവധി ദിനങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ച് ഖത്തർ പിഎച്ച്‌സിസി. അല്‍ വക്ര, എയര്‍പോര്‍ട്ട്, അല്‍ തുമാമ, ഒമര്‍ ബിന്‍ ഖതാബ്, വെസ്റ്റ് ബേ, ലീബൈബ്, ഉമ്മുസ്ലാല്‍, ഗരാഫത്ത് അല്‍ റയാന്‍, മദീനത്ത് ഖലീഫ, അബൂബക്കര്‍ അല്‍ സിദ്ദിഖ്, അല്‍ റയ്യാന്‍ മെസൈമീര്‍, മുഐതര്‍ എന്നിവയുള്‍പ്പെടെ ദോഹയിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലെ ഫാമിലി മെഡിസിന്‍ സേവനങ്ങളും അനുബന്ധ സേവനങ്ങളും രാവിലെ 7 മുതല്‍ രാത്രി 11 വരെ ആയിരിക്കും. അല്‍ ജുമൈലിയ ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂറും ഓണ്‍-കോള്‍ സേവനം ലഭ്യമാക്കും. ഉമ്മു ഗുവൈലിന, സൗത്ത് അല്‍ വക്ര, അല്‍ ദായെന്‍, ലെഗൈ്വരിയ, അല്‍ കഅബാന്‍, അബു നഖ്ല, അല്‍ കരാന എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചിടും.

അല്‍ വജ്ബ, അല്‍ വാബ്, ഖത്തര്‍ യൂണിവേഴ്സിറ്റി ഹെല്‍ത്ത് സെന്ററുകളിലെ കോവിഡ് വാക്സിനേഷന്‍ ക്ലിനിക്കുകള്‍ മാത്രം ഈദ് അവധിക്കാലത്ത് പ്രവർത്തിക്കും. ലീബൈബ്, അല്‍ തുമാമ, മുഅത്തിയര്‍ ഹെല്‍ത്ത് സെന്ററുകളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 10 വരെയും അപ്പോയിന്റ്മെന്റുകള്‍ അനുസരിച്ച്സേവനം നൽകും. ഒഫ്താല്‍മോളജി ക്ലിനിക്കുകള്‍ ലീബൈബ്, അല്‍ തുമാമ, മുഅത്തിയര്‍ ഹെല്‍ത്ത് സെന്ററുകളിലും ഡെര്‍മറ്റോളജി, ഇഎന്‍ടി ക്ലിനിക്കുകള്‍ ലീബൈബ്, അല്‍ തുമാമ ഹെല്‍ത്ത് സെന്ററുകളിലും ദിവസവും പ്രവര്‍ത്തിക്കും.

എയര്‍പോര്‍ട്ട് ഹെല്‍ത്ത് സെന്ററില്‍ മെയ് 2 തിങ്കളാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയും അല്‍ റയ്യാനില്‍ മെയ് 3 ചൊവ്വാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും മെയ് 5 വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ 2 മണി വരെ വെസ്റ്റ് ബേയിലും വിവാഹപൂര്‍വ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. അല്‍ ഷഹാനിയ, അബൂബക്കര്‍ അല്‍ സിദ്ദിഖ്, മുഐതര്‍, അല്‍ റുവൈസ്, അല്‍ കഅബാന്‍, ഉമ്മുസ്ലാല്‍, ഗരാഫത്ത് അല്‍ റയ്യാന്‍, റൗദത്ത് അല്‍ ഖൈല്‍ എന്നീ ഹെല്‍ത്ത് സെന്ററുകൾ ദിവസവും 24 മണിക്കൂറും അടിയന്തര കേസുകള്‍ സ്വീകരിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളാണ്.