2025നകം 1,000 അതിവേഗ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കാനൊരുങ്ങി ഖത്തർ

ദോഹ∙ 2025നകം 1,000 അതിവേഗ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കാനൊരുങ്ങി ഖത്തർ. വർഷാവസാനത്തോടെ 150 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷന്റെ (കഹ്‌റാമ) ഊർജ കാര്യക്ഷമത ഉറപ്പാക്കാനുള്ള ദേശീയ പദ്ധതിയായ തർഷീദിന്റെ കീഴിലാണ് പദ്ധതി.

കഴിഞ്ഞ വർഷം ഫിഫ ലോകകപ്പിനായി നൂറോളം വാഹന ചാർജിങ് സ്‌റ്റേഷനുകളാണ് സ്ഥാപിച്ചതെന്ന് തർഷീദ് ടെക്‌നിക്കൽ വിഭാഗം മേധാവി എൻജിനീയർ മുഹമ്മദ് ഖാലിദ് അൽ ഷർഷാനി വ്യക്തമാക്കി.

2025നകം 600 നും ആയിരത്തിനുമിടയിൽ അതിവേഗ വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. വാണിജ്യ-വ്യവസായ മന്ത്രാലയം, ഗതാഗത-വാർത്താവിതരണ മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തോടെയാണിത്. നിലവിൽ, പൊതുഗതാഗത സൗകര്യങ്ങളിൽ 25 ശതമാനവും വൈദ്യുത ബസുകളും ടാക്‌സികളുമാണ്. 2030നകം മുഴുവൻ ബസുകളും ഇ-വാഹനങ്ങൾ ആക്കി മാറ്റി കാർബൺ പ്രസരണം കുറച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം.