കോവിഡ് മൂലം യാത്ര മുടങ്ങിയവർക്ക് എമിറേറ്റ്സ് ഇതുവരെ തിരികെ നൽകിയത് 500 കോടി ദിർഹം

Emirates Air bus

ദുബായ്: കോവിഡ് പ്രതിസന്ധി മൂലം യാത്രകൾ മുടങ്ങിയ ഉപഭോക്താക്കൾക്ക് എമിറേറ്റ്സ് എയർലൈൻസ് ഇതുവരെ 500 കോടി ദിർഹം തിരികെ നൽകിയതായി കമ്പനി അധികൃതർ അറിയിച്ചു. മാർച്ച് മുതൽ ജൂൺ അവസാനംവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റീഫണ്ടിനായി 14 ലക്ഷത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. ലഭിച്ച അപേക്ഷകളിൽ 90 ശതമാനവും തീർപ്പാക്കിയതായി എമിറേറ്റ്സ് എയർലൈൻസ് പ്രസിഡന്റ് ടിം ക്ലാർക്ക് പറഞ്ഞു. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ റീഫണ്ടിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എമിറേറ്റ്സ് അധിക ജീവനക്കാരെ നിയമിച്ചിരുന്നു.

കോവിഡ് വ്യാപനംമൂലം വിമാനസർവീസുകൾ പലതും നിർത്തലാക്കിയതോടെ വെട്ടിക്കുറച്ച ജീവനക്കാരുടെ ശമ്പളം ഒക്ടോബർ മുതൽ പുനഃസ്ഥാപിക്കുമെന്ന് ജീവനക്കാർക്ക് കമ്പനി സിഇഒ അയച്ച കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മുൻപ് കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ചില ജീവനക്കാരോട് ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിക്കുകയും പുതിയ റിക്രൂട്ട്മെന്റുകൾ നിർത്തുകയും ചെയ്തിരുന്നു.

വിവിധ രാജ്യങ്ങളിൽ വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിച്ചതോടെ എമിറേറ്റ്സ് സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ 80 നഗരങ്ങളിലേക്കാണ് സർവീസുകളുള്ളത്. 2021ൽ എല്ലാ സർവീസുകളും പുനഃരാരംഭിക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.