Monday, October 25, 2021
HomeGulfസ്വദേശിയെ കോടികളുടെ കടക്കെണിയിലാക്കി പ്രവാസി നാടുവിട്ടതായി പരാതി

സ്വദേശിയെ കോടികളുടെ കടക്കെണിയിലാക്കി പ്രവാസി നാടുവിട്ടതായി പരാതി

റിയാദ്: സ്വദേശി പൗരനെ കോടികളുടെ കടത്തിൽ തള്ളി പ്രവാസി നാടുവിട്ടതായി റിപ്പോർട്ടുകൾ. സൗദി അറേബ്യയിലാണ് സംഭവം. ലക്ഷക്കണക്കിന് റിയാലിന്റെ ബാധ്യതയുണ്ടാക്കി പ്രവാസി രാജ്യം വിട്ടതായാണ് പരാതിയുയരുന്നത്. സൗദി പൗരന്റെ പേരില്‍ സ്ഥാപനം തുടങ്ങാമെന്ന് അറിയിച്ച് അദ്ദേഹത്തെ സമീപിച്ച പ്രവാസി, സ്‍പോണ്‍സര്‍ക്ക് മാസാമാസം നിശ്ചിത തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പ്രവാസിക്ക് തന്നെയായിരുന്നു സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല. കുറച്ചുനാളുകള്‍ക്ക് ശേഷം തന്റെ സ്‍പോണ്‍സര്‍ഷിപ്പ് മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നതിന് ഇയാള്‍ റിലീസ് ആവശ്യപ്പെട്ടു. തമ്മിലുള്ള വിശ്വാസം കാരണം സാമ്പത്തിക ഇടപാടുകളൊന്നും പരിശോധിക്കാതെ സ്വദേശി റിലീസ് നൽകുകയായിരുന്നു. പിന്നീട് സ്ഥാപനത്തിന് കടമായി സാധനങ്ങള്‍ നല്‍കിയവര്‍ പണം അന്വേഷിച്ചെത്താന്‍ തുടങ്ങിയതോടെയാണ് പ്രവാസി ചതിയിൽപ്പെടുത്തിയതെന്ന് മനസിലാവുന്നത്.

ഏകദേശം 40 ലക്ഷം റിയാൽ അതായത് എട്ട് കോടിയോളം ഇന്ത്യന്‍ രൂപ പലർക്കായി നല്കാനുണ്ടെന്ന് സ്വദേശി പൗരൻ പറയുന്നു. സൗദി പൗരന്‍ സ്ഥാപനം നടത്തിയ വിദേശിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ അതിനോടകം രാജ്യം വിട്ടിരുന്നു. ഇത്തരത്തിൽ സ്വദേശികളെ ബിനാമികളാക്കി ലക്ഷകണക്കിന് രൂപയുടെ ബാധ്യതയുണ്ടാക്കിയ ശേഷം നാടുവിടുന്ന പ്രവാസികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചുവരികയാണ് അധികൃതർ. നിലവില്‍ നിക്ഷേപക ലൈസൻസ് നേടി മാത്രമേ വിദേശികൾക്ക് രാജ്യത്ത് നിയമാനുസൃതമായി ബിസിനസ് നടത്താൻ അനുവാദമുള്ളൂ.

Most Popular