ന്യൂഡല്‍ഹി: വന്ദേഭാരത് ദൗത്യത്തില്‍ ഗള്‍ഫിലുള്ള പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ എയര്‍ ഇന്ത്യക്കു പുറമേ ഇന്‍ഡിഗോ എയര്‍ലൈന്‍സും സര്‍വീസ് നടത്തും. സൗദി അറേബ്യ, ദോഹ, കുവൈത്ത്, മസ്കത്ത് എന്നിവിടങ്ങളില്‍ നിന്നായി 97 സര്‍വീസുകള്‍ നടത്താനാണ് നീക്കം.
പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി സ്വകാര്യ വിമാനകമ്പനികള്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചിരുന്നു. നിലവില്‍ എയര്‍ ഇന്ത്യ മാത്രമാണ് ദൗത്യത്തില്‍ ഉണ്ടായിരുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ച 180 ഓളം സര്‍വീസുകളില്‍ പകുതിയോളം തങ്ങള്‍ക്കനുവദിച്ചതായും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി സൗദി അറേബ്യയില്‍ നിന്ന് 36, ഖത്തറില്‍ നിന്ന് 28, കുവൈത്തില്‍ നിന്ന് 23, ഒമാനില്‍ നിന്ന് 10 എന്നിങ്ങനെയാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുക.
സര്‍വീസുകളുടെ എണ്ണം കുറവാണെന്ന് വ്യാപക പരാതി ഉയരുന്നതിനിടെയാണ് ഇന്‍ഡിഗോയും രംഗത്തെത്തുന്നത്. ഇതോടെ വരും ദിവസങ്ങളില്‍ ഗള്‍ഫില്‍ നിന്ന് കൂടുതല്‍ സര്‍വീസ് ഉണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നത്.