ദുബൈ : ദുബൈയിലെ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് മൂന്നരക്കോടി ആളുകളെന്ന് റിപ്പോർട്ടുകൾ. ഒക്ടോബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണിത്. എക്സ്പോ യാത്രക്കാരുടെ 67 ശതമാനം വരുമിതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദുബായ് മെട്രോ, ബസ്, ടാക്‌സി, പ്രത്യേക സര്‍വീസുകള്‍ തുടങ്ങിയ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമായിരുന്നു.
ആര്‍.ടി.എയുടെ മെട്രോ, പബ്ലിക് ബസ്, ടാക്‌സി, ഇ-ഹെയ്ല്‍ റൈഡ് എന്നിവ മാത്രം ഉപയോഗിച്ചത് 26.3 ദശലക്ഷം ആളുകളാണ്. എക്‌സ്‌പോ സന്ദര്‍ശകരില്‍ 37 ശതമാനവും ഉപയോഗിച്ചത് ഈ സൗകര്യങ്ങളാണ്. ദുബായ് മെട്രോ വഴി 8.203 ദശലക്ഷം പേര്‍ യാത്ര ചെയ്തു. ഈ കാലയളവില്‍ മെട്രോ പിന്നിട്ടത് 5.717 ദശലക്ഷം കിലോമീറ്ററാണ്. എക്‌സ്‌പോ റൈഡര്‍ എന്ന പേരില്‍ ഇറക്കിയ സൗജന്യ ബസ് സര്‍വീസ് വഴി 15.525 ദശലക്ഷം യാത്രക്കാരും സഞ്ചരിച്ചു.
എല്ലാ എമിറേറ്റില്‍ നിന്നും സര്‍വീസ് ഉണ്ടായിരുന്നു. 188 ബസുകളാണ് ഇതിനായി ഏര്‍പ്പെടുത്തിയത്. പാര്‍ക്കിംഗ് സ്ഥലത്തുനിന്ന് എക്‌സ്‌പോ ഗേറ്റുകളിലേക്കും ഈ ബസുകള്‍ സര്‍വീസ് നടത്തി. ടാക്‌സി, ഇ-ഹെയ്ല്‍ സര്‍വീസ് എന്നിവ വഴി 2.584 ദശലക്ഷം പേരാണ് സഞ്ചരിച്ചത്. ദിവസവും ശരാശരി 4666 ടാക്‌സികള്‍ സര്‍വീസ് നടത്തിയിരുന്നു.