ലോകകപ്പ്: ആരാധകർക്കായി അധിക ഹോട്ടൽ മുറികൾ ലഭ്യമാക്കി ഖത്തർ

ദോഹ: ലോകകപ്പ് ആരാധകർക്കായി 70,000 അധിക ഹോട്ടൽ മുറികൾ ലഭ്യമാക്കി ഖത്തർ. ഖത്തർ അക്കോമഡേഷൻ ഏജൻസി (ക്യുഎഎ) പോർട്ടൽ വഴി ഇവ ബുക്ക് ചെയ്യാം. രണ്ട് ആളുകൾക്ക് വീതം താമസിക്കാവുന്ന രീതിയിലാണ് സജ്ജീകരണം. ഒരു രാത്രിക്ക് 120 യുഎസ് ഡോളർ മുതലാണ് വാടക.

ഒന്ന് മുതൽ അഞ്ച് നക്ഷത്രങ്ങൾ വരെയുള്ള ഹോട്ടലുകളിൽ റൂമുകൾ ലഭിക്കും. കൂടാതെ അന്താരാഷ്ട്ര ശൃംഖലകളും സ്വതന്ത്ര പ്രാദേശിക സ്വത്തുക്കളും ഉൾപ്പെടുന്നു. ടൂർണമെന്റിന് മുമ്പായി കൂടുതൽ ഹോട്ടലുകളും ആയിരക്കണക്കിന് അധിക റൂമുകളും ലഭ്യമാക്കുന്നതിനാൽ ആരാധകർ ക്യു.എ.എ. പോർട്ടൽ പതിവായി പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഹോട്ടൽ മുറികൾക്ക് പുറമേ, അപ്പാർട്ട്‌മെന്റുകളും വില്ലകളും, ആക്‌സസ് എന്റർടൈൻമെന്റ് ഹബ്ബുകളുള്ള ഫാൻ വില്ലേജുകൾ, ക്രൂയിസ് കപ്പൽ ഹോട്ടലുകൾ, ഡൗ ബോട്ടുകൾ, ഹോളിഡേ ഹോമുകൾ എന്നിവയുൾപ്പെടെ വിപുലമായ താമസ സൗകര്യങ്ങളും ആരാധകർക്ക് ക്യു.എ.എ. പോർട്ടൽ വഴി ലഭ്യമാണ്.