മസ്‍കത്ത്: ഇനി കുറഞ്ഞ ശമ്പളമുള്ള പ്രവാസികൾക്കും തങ്ങളുടെ കുടുംബത്തെ ഓമനിലെത്തിക്കാം. ഫാമിലി വിസയ്ക്കുള്ള കുറഞ്ഞ ശമ്പള പരിധിയില്‍ 50 ശതമാനത്തിലധികം ഇളവാണ് ഒമാൻ നൽകിയിരിക്കുന്നത്. ഇതോടെ കൂടുതൽ പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബത്തെ ഫാമിലി വിസയില്‍ ഒമാനില്‍ കൊണ്ടുവന്ന് ഒപ്പം താമസിപ്പിക്കാനാവും. പുതിയ അറിയിപ്പ് പ്രകാരം പ്രതിമാസം 150 ഒമാനി റിയാലോ അതില്‍ അധികമോ ശമ്പളം ലഭിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബത്തെ ഫാമിലി വിസയില്‍ ഒമാനിലേക്ക് കൊണ്ടുവരാം. നേരത്തെ ഫാമിലി വിസ ലഭിക്കാനുള്ള പ്രതിമാസ ശമ്പള നിബന്ധന 350 ഒമാനി റിയാലായിരുന്നു. ഇതാണ് ഇപ്പോള്‍ പകുതിയില്‍ താഴെയായി കുറച്ചിരിക്കുന്നത്. കൂടുതല്‍ പ്രവാസികള്‍ക്ക് ഗുണകരമായിരിക്കും ഈ തീരുമാനം.
അതേസമയം ശമ്പള പരിധി കുറച്ചുകൊണ്ടുള്ള പുതിയ തീരുമാനം എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമായിട്ടില്ല. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷ. ഫാമിലി വിസ സംബന്ധിച്ചുള്ള പുതിയ തീരുമാനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ഉത്തേജിപ്പിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.