മലവെള്ളപ്പാച്ചിലില്‍ താഴ്‌വരകള്‍ മുറിച്ചു കടക്കുന്നവര്‍ക്ക് 10,000 റിയാല്‍ വരെ പിഴ

റിയാദ്: മലവെള്ളപ്പാച്ചിലിലും പ്രളയത്തിലും സാഹസികമായി താഴ്‌വരകള്‍ മുറിച്ചുകടക്കുന്നവര്‍ക്ക് സൗദി അറേബ്യയില്‍ 5,000 മുതല്‍ 10,000 റിയാല്‍ വരെ പിഴ. മലവെള്ളപ്പാച്ചിലിനും പ്രളയത്തിനുമിടെ അപകടകരമായ രീതിയില്‍ സാഹസികമായി താഴ്‌വരകള്‍ മുറിച്ചു കടക്കുന്നത് ഗതാഗത നിയമലംഘനമായി മന്ത്രിസഭ അംഗീകരിച്ചു.

ഗതാഗത നിയമപ്രകാരം ഏഴാം നമ്പര്‍ നിയമലംഘനങ്ങളുടെ പട്ടികയിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് ഇനി 10,000 റിയാല്‍ വരെ പിഴ ലഭിക്കും. മലവെള്ളപ്പാച്ചിലിലും പ്രളയത്തിലും താഴ്‌വരകള്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകാറുണ്ട്.