ലോകകപ്പിന്റെ ആദ്യ ആഴ്ചയിൽ ഖത്തറിലേക്ക് എത്തിയത് 7,000 ത്തിലധികം വിമാനങ്ങള്‍

ദോഹ: ലോകകപ്പിന്റെ ആദ്യ ആഴ്ചയിൽ ഖത്തറിലേക്ക് എത്തിയത് 7,000 ത്തിലധികം വിമാനങ്ങള്‍. ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളങ്ങളിലെത്തിയ വിമാനങ്ങളുടെ കണക്കാണിത്. ജിസിസി) രാജ്യങ്ങളില്‍ നിന്നുള്ള വിമാന കമ്പനികളും ഖത്തറിലേക്ക് ഷട്ടില്‍ സര്‍വീസ് നടത്തിയതും ഉൾപ്പെട്ട കണക്കുകളാണിത്.

ലോകകപ്പ് പ്രമാണിച്ച് അറബ് രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. തെക്കന്‍ അമേരിക്ക, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ കൂടാതെ ജര്‍മന്‍ ലുഫ്താന്‍സ, എയര്‍ ഫ്രാന്‍സ്, ഫിന്നിഷ് എയര്‍ലൈന്‍ തുടങ്ങിയ രാജ്യാന്തര വിമാന കമ്പനികളുടെ പതിവ് യാത്രാ വിമാനങ്ങള്‍ക്ക് പുറമെ ചാര്‍ട്ടേഡ് വിമാനങ്ങളും ഖത്തറിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

ദോഹ ഫ്ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജന്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ വ്യോമശേഷിയിലും രാജ്യത്തേക്ക് വന്നുപോകുന്ന വിമാന റൂട്ടുകളിലും വര്‍ധനയുണ്ട്. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ഫൂട്‌ബോള്‍ ആരാധകര്‍ക്ക് കളി കണ്ട് അന്നു തന്നെ മടങ്ങാനുള്ള സൗകര്യം മുന്‍നിര്‍ത്തിയാണ് മാച്ച് ഡേ ഷട്ടില്‍ വിമാന സര്‍വീസ് തുടങ്ങിയത്.