ഏഷ്യാക്കാർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂൺ 9ന്

ദോഹ∙ ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ ഏഷ്യക്കാർക്കായി സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി ഐസി ) നടത്തുന്ന 19-ാം സൗജന്യ ഏഷ്യൻ മെഡിക്കൽ ക്യാംപ് ജൂൺ 9ന് . ഇന്ത്യൻ ഡോക്ടേഴ്‌സ് ക്ലബ്ബുമായി സഹകരിച്ച് ഏയ്ൻ ഖാലിദിലെ ഉമ്മുൽ സനീം ഹെൽത്ത് സെന്ററിൽ രാവിലെ 7 മുതൽ വൈകിട്ട് 4.30 വരെയാണ് ക്യാംപ് സംഘടിപ്പിക്കുക. ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവയുടെ മേൽനോട്ടത്തിലാണിത്.

നേത്ര പരിശോധന, ഓർത്തോപീഡിക്, ഫിസിയോതെറപ്പി, കാർഡിയോളജി, ഇഎൻടി എന്നിവയിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം ഇസിജി, അൾട്രാ സൗണ്ട് സ്‌കാനിങ്, കൊളസ്‌ട്രോൾ, യൂറിൻ പരിശോധന, ഓഡിയോമെട്രി, ഓറൽ ചെക്കപ്പ് തുടങ്ങിയ ടെസ്റ്റുകളും നടത്താം. ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള മരുന്നുകൾ സൗജന്യമായി നൽകും.

ഇന്ത്യൻ ഡോക്ടേഴ്‌സ് ക്ലബ്ബിൽ നിന്നുള്ള ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, വൊളന്റിയർമാർ എന്നിവരുടെ സേവനം ക്യാംപിൽ ലഭിക്കും. ക്യാംപിന്റെ ഭാഗമായി ആരോഗ്യ ബോധവൽകരണ ക്ലാസുകൾ രക്തദാനം, അവയവദാനം, കൗൺസലിങ് എന്നിവയുമുണ്ടാകും. ഈ മാസം 30 വരെ പേര് റജിസ്റ്റർ ചെയ്യാൻ അവസരമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 6000 7565.