കുവൈത്ത് സിറ്റി: കുവൈത്ത് കിരീടാവകാശിയുടെ പേരിലുള്ള ക്രൗൺ പ്രിൻസ് ഷൂട്ടിങ് ചാമ്പ്യൻഷിപ് ചൊവ്വാഴ്ച ആരംഭിക്കും. ശൈഖ് സബാഹ് അൽ അഹ്മദ് ഒളിമ്പിക് ഷൂട്ടിങ് കോംപ്ലക്സിൽ നടക്കുന്ന ടൂർണമെൻറിൽ പ്രമുഖ താരങ്ങൾ മാറ്റുരക്കും. ടൂർണമെൻറ് ശനിയാഴ്ച സമാപിക്കും.
സാധാരണ മൂന്നു ദിവസങ്ങളിലായി നടക്കാറുള്ള മേള ഇത്തവണ അഞ്ചുദിവസംകൊണ്ടാണ് പൂർത്തിയാക്കുക. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെ നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാലാണ് കൂടുതൽ ദിവസങ്ങൾ വേണ്ടിവരുന്നതെന്ന് കുവൈത്തി ഷൂട്ടിങ് ക്ലബ് അധികൃതർ അറിയിച്ചു.
കുവൈത്തി ഷൂട്ടിങ് ക്ലബ്, നാഷനൽ ഗാർഡ്, മിലിട്ടറി സ്പോർട്സ് ഫെഡറേഷൻ, പൊലീസ് സ്പോർട്സ് യൂനിയൻ എന്നിവിടങ്ങളിൽനിന്നുള്ള ഷൂട്ടർമാരാണ് പെങ്കടുക്കുന്നത്. ക്രൗൺ പ്രിൻസ് ഷൂട്ടിങ് ചാമ്പ്യൻഷിപ് രാജ്യത്തെ പ്രധാന പ്രതിവർഷ കായിക പരിപാടികളിലൊന്നാണ്. ഒളിമ്പിക് സ്കീറ്റ്, ട്രാപ്പ്, 10 മീറ്റർ എയർ റൈഫ്ൾ, പിസ്റ്റൾ, 50 മീറ്റർ റൈഫ്ൾ, പിസ്റ്റൾ, ഒളിമ്പിക് ആർച്ചറി തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. അന്താരാഷ്ട്ര ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന് ഒരുങ്ങുന്ന താരങ്ങൾക്ക് തയാറെടുപ്പിന് മികച്ച അവസരമാണ് ക്രൗൺ പ്രിൻസ് ചാമ്പ്യൻഷിപ്.