Tuesday, November 29, 2022
HomeGulfഖത്തറിലെ ലോക കപ്പ് വിജയകരമാക്കുന്നതിന് ഗള്‍ഫ് രാഷ്ട്രങ്ങളുടെ പിന്തുണ; ജിസിസി സഹകരണം ശക്തമാക്കും

ഖത്തറിലെ ലോക കപ്പ് വിജയകരമാക്കുന്നതിന് ഗള്‍ഫ് രാഷ്ട്രങ്ങളുടെ പിന്തുണ; ജിസിസി സഹകരണം ശക്തമാക്കും

ദോഹ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോക കപ്പ് ഫുട്‌ബോള്‍ വിജയകരമാക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ. ജിസിസി സുപ്രിം കൗണ്‍സിലിന്റെ 42ാമത് ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ഫിഫ അറബ് കപ്പ് വിജയകരമായി സംഘടിപ്പിച്ച ഖത്തറിനെ ജിസിസി അഭിനന്ദിച്ചു. വേള്‍ഡ് ഫുഡ് പ്രോഗ്രാമിലൂടെ യമന് 90 ദശലക്ഷം ഡോളര്‍ നല്‍കിയ ഖത്തറിന്റെ പിന്തുണയെയും അംഗരാജ്യങ്ങള്‍ പ്രകീര്‍ത്തിച്ചു.

ഖത്തര്‍-സൗദി കോഓഡിനേഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനങ്ങളെയും ഡിസംബര്‍ 8ന് നടന്ന യോഗത്തില്‍ ഇരു രാജ്യങ്ങളും ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ എടുത്ത തീരുമാനത്തെയും ജിസിസി സുപ്രിം കൗണ്‍സില്‍ സ്വാഗതം ചെയ്തു.

ജിസിസി അംഗരാജ്യങ്ങള്‍ക്കിടയില്‍ എല്ലാ മേഖലയിലും സഹകരണം ശക്തമാക്കേണ്ടതിന്റെയും മേഖലാ അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ ഒഴിവാക്കി ജനങ്ങളുടെ ഹിതത്തിന് അനുസരിച്ച് ഉയരേണ്ടതിന്റെയും ആവശ്യകത യോഗം ഊന്നിപ്പറഞ്ഞു.

സംയുക്ത പ്രതിരോധ കരാറിന്റെ രണ്ടാം ആര്‍ട്ടിക്കിളിന് ജിസിസി നേതാക്കള്‍ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. ഇത് പ്രകാരം ഏതെങ്കിലും ജിസിസി രാജ്യത്തിനെതിരേ നടക്കുന്ന ആക്രമണം മൊത്തം ഗള്‍ഫിനെതിരേ നടക്കുന്ന ആക്രമണമായി കണക്കാക്കും. ഏതെങ്കിലും അംഗരാജ്യത്തിനെതിരേ ഉയരുന്ന ഭീഷണി എല്ലാവര്‍ക്കുമെതിരായ ഭീഷണിയായി മനസ്സിലാക്കി നേരിടും.

കാലാവസ്ഥാ വ്യതിയാനത്തെ ഒരുമിച്ച് നേരിടാനും സുസ്ഥിര വികസന കാഴ്ച്ചപ്പാടുമായി മുന്നോട്ട് പോവാനും തീരുമാനിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച ഗ്രീന്‍ സൗദി, ഗ്രീന്‍ മിഡില്‍ ഈസ്റ്റ് പദ്ധതി വിജയിപ്പിക്കുന്നതിന് വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.

സാമ്പത്തിക രംഗത്തും ജിസിസി രാജ്യങ്ങള്‍ പരസ്പരം കൈകോര്‍ത്തു പ്രവര്‍ത്തിക്കും. റോഡ്, റെയില്‍, വാര്‍ത്താ വിനിമയ മേഖലകള്‍ ജിസിസി തലത്തില്‍ വികസിപ്പിക്കുന്നതിനും ഏകീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവും. കോവിഡിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് ബിന്‍ ഫലാഹ് അല്‍ ഹജ്‌റഫ് പ്രസ്താവനയിലൂടെ അറിയിച്ചു.

 

Most Popular