ജി സി സി 40-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഖത്തർ പോസ്റ്റ്

ദോഹ: ജി സി സി 40-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഖത്തർ പോസ്റ്റ്. അംഗരാജ്യങ്ങളിലെ സ്ഥാപക നേതാക്കളുടെ ചിത്രങ്ങളും അവരുടെ പതാകകളും പ്രദർശിപ്പിക്കുന്ന പ്രത്യേക തപാൽ സ്റ്റാമ്പാണിത്.

ജി.സി.സി രാജ്യങ്ങളുടെ ചരിത്രപരവും സാമൂഹികവും സാംസ്കാരികവുമായ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നതിലും ഐക്യദാർഢ്യവും ഗൾഫ് ഐക്യവും പ്രതിഫലിപ്പിക്കുന്നതിലും ഖത്തറിന്റെ പങ്കിന്റെ ഭാഗമായാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. സാഹോദര്യത്തിന്റെയും ചരിത്രപരമായ ഐക്യത്തിന്റെയും മേഖലയിലെ ജനങ്ങളെ ബന്ധിപ്പിക്കുന്ന പൊതു വിധിയുടെയും അർത്ഥമാണ് ജി.സി.സി രാജ്യങ്ങൾ ഉൾക്കൊള്ളുന്നതെന്ന് ഖത്തർ പോസ്റ്റൽ സർവീസസ് കമ്പനി (ഖത്തർ പോസ്റ്റ്) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫാലേഹ് മുഹമ്മദ് അൽ നുഐമി പറഞ്ഞു.
സ്റ്റാമ്പുകൾ അഞ്ച് ഖത്തർ റിയാലിന് പൊതുജനങ്ങൾക്ക് ലഭിക്കും.