ദുബൈ: കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് വിവാദവും അന്വേഷണവും മന്ദഗതിയിലാക്കിയ സ്വര്‍ണക്കടത്ത് വീണ്ടും സജീവമാവുന്നതായി സൂചന. കോഴിക്കോട് വിമാനത്താവളത്തില്‍ 2 ദിവസത്തിനിടെ 5 യാത്രക്കാരില്‍നിന്ന് 81 ലക്ഷം രൂപയുടെ 1.559 കി.ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ഇവരില്‍ രണ്ടു പേരില്‍നിന്ന് ഒരു ലക്ഷം രൂപയുടെ 11,000 സിഗരറ്റും പിടികൂടി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി അനൂപ് ശരീരത്തില്‍ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 739 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.
ഇതേ വിമാനത്തിലെത്തിയ കാസര്‍കോട് തെക്കില്‍ സ്വദേശി മജീദ് അബ്ദുല്‍ കാദറില്നിന്നു വസ്ത്രത്തില്‍ ഒളിപ്പിച്ച 175 ഗ്രാം സ്വര്‍ണവും ബാഗേജില്‍ ഒളിപ്പിച്ച 5,000 നിരോധിത സിഗരറ്റും പിടിച്ചെടുത്തു. സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബയില്‍നിന്നെത്തിയ കാസര്‍കോട് മൂളിയാര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച 215 ഗ്രാം സ്വര്‍ണവും ബാഗേജില്‍ ഒളിപ്പിച്ച 6000 നിരോധിത സിഗരറ്റും പിടികൂടി.
ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അരീഫില്നിന്ന് 232 ഗ്രാം സ്വര്‍ണവും പെരിയ സ്വദേശി അബ്ബാസ് അറഫാത്തില്‍നിന്ന് 198 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. ഡപ്യൂട്ടി കമ്മിഷണര്‍ ടി എ കിരണ്‍, സൂപ്രണ്ടുമാരായ കെ പി മനോജ്, എം പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.