ഗോൾഡൻ വിസ അപേക്ഷ ഫീസ് വർധിപ്പിച്ച് യുഎഇ

അബുദാബി: ഗോൾഡൻ വിസ അപേക്ഷ ഫീസ് വർധിപ്പിച്ച് യു എ ഇ. 50 ദിർഹത്തിൽ നിന്ന് 150 ദിർഹമാക്കിയാണ് വർധിപ്പിച്ചത്.
ഫീസ്, ഇലക്ട്രോണിക് ഫീസ്, സ്മാർട് സർവീസ് എന്നിവ അടങ്ങിയതാണ് പുതിയ ഫീസ് എന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

യുഎഇക്ക് അകത്തും പുറത്തുമുള്ള വിദേശികൾ ഗോൾഡൻ വീസയ്ക്ക് യോഗ്യരാണോ എന്നറിയാൻ വെബ്സൈറ്റിലോ (http://smartservices.icp.gov.ae) സ്മാർട് ആപ്പിലോ (UAEICP) പ്രവേശിച്ച് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയാൽ മതി. ശാസ്ത്രം, സാങ്കേതികം, കല, സാഹിത്യം, സാംസ്കാരികം, ജീവകാരുണ്യം, നൈപുണ്യ വികസനം തുടങ്ങി വിവിധ വിഭാഗങ്ങളിൽ വിദഗ്ധർക്കും നിക്ഷേപകർക്കുമാണ് ഗോൾഡൻ വീസ നൽകിവരുന്നത്. വെബ്സൈറ്റിലോ ആപ്പിലോ ചോദിക്കുന്നവക്കു ശരിയായ ഉത്തരം നൽകിയാൽ അനുയോജ്യമായ ലിങ്ക് തെളിയും. അതിൽ ക്ലിക് ചെയ്ത് വ്യക്തിഗത വിവരങ്ങളും അനുബന്ധ രേഖകളും മതിയായ ഫീസും (2890 ദിർഹം) അടച്ച് അപേക്ഷിച്ചാൽ വീസ ലഭിക്കും.

അപേക്ഷ നിരസിച്ചാൽ അടച്ച തുക നിശ്ചിത ദിവസത്തിനകം ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലേക്കു തിരികെ ലഭിക്കും. അല്ലാത്തപക്ഷം ചെക്കായും കൈപ്പറ്റാം.