Thursday, May 19, 2022
HomeGulfഖത്തർ വിസ ചട്ടങ്ങൾ ലംഘിച്ചവർക്കുള്ള കാലാവധി ഏപ്രിൽ 30 വരെ

ഖത്തർ വിസ ചട്ടങ്ങൾ ലംഘിച്ചവർക്കുള്ള കാലാവധി ഏപ്രിൽ 30 വരെ

ദോഹ : ഖത്തറിലെ നിയമവ്യവസ്ഥകൾ ലംഘിക്കുന്ന താമസക്കാരുടെ പദവി നിയമവിധേയമാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് 2022 ഏപ്രിൽ 30 വരെ നീട്ടി ആഭ്യന്തര മന്ത്രാലയം. ഖത്തർ പ്രവാസികളുടെയും അവരുടെ താമസസ്ഥലത്തിന്റെയും പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്ന 2015ൽ നിലവിൽ വന്ന 21-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കാണ് മന്ത്രാലയത്തിന്റെ നിർദേശം.
നിയമലംഘകര്‍ക്ക് 50 ശതമാനം പിഴയിളവും ലഭിക്കും. ഇതിലൂടെ റെസിഡന്‍സി പുതുക്കാനും കമ്പനി മാറാനും സാധിക്കും. നിലവില്‍ ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് സ്‌പോണ്‌സര്‍ഷിപ്പ് മാറേണ്ട പ്രവാസികള്‍ ഉമ്മ് സലാല്‍, ഉമ്മ് സുനൈം, മെസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളിലാണ് സമീപിക്കേണ്ടത്.

നിയമലംഘനം നടത്തുന്ന എല്ലാ പ്രവാസികളും തൊഴിലുടമകളും സെറ്റിൽമെന്റ് അപേക്ഷ സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റിന് സമർപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ തയ്യാറുള്ള നിയമലംഘകർ, നിലവിലുള്ള തൊഴിലുടമയുടെ കീഴിൽ റസിഡൻസ് പെർമിറ്റ് നൽകുന്നതിനും പുതുക്കുന്നതിനുമുള്ള സെറ്റിൽമെന്റ് അപേക്ഷകർ തുടങ്ങിയവർ അതാത് ഡിപ്പാർട്മെന്റിലോ സേവന കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കണം. ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രസ്തുത കാലയളവിലെ ഡിപ്പാർട്മെന്റിലെയും കേന്ദ്രങ്ങളിലെയും സന്ദർശന സമയം.

തൊഴിലുടമകളുടെയും പ്രവാസികളുടെയും പദവി നിയമവിധേയമാക്കുന്നതിനും അവർക്കെതിരായ നിയമനടപടികൾ ഒഴിവാക്കുന്നതിനും തുക തീർപ്പാക്കലിനും ഈ കാലയളവ് പ്രയോജനപ്പെടുത്തണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

Most Popular