ബഹ്‌റൈനിൽ ഗൾഫ് എയർ സർവീസ് ബുക്കിംഗ് ആരംഭിച്ചു

india flight service

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ചാർട്ടേഡ് വിമാനസർവീസുകൾ നിർത്തിയതിന് പിന്നാലെ ഗർഫ് എയർ ഇന്ത്യയിൽ നിന്നുള്ള ബുക്കിംഗ് ആരംഭിച്ചു. ഇന്ന് മുതൽ വ്യാഴാഴ്ച വരെയുള്ള നാല് ദിവസത്തേക്കുള്ള ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ മുഴുവൻ സീറ്റുകളും തീർന്നു.

ഇന്ന് കൊച്ചി, നാളെ തിരുവനന്തപുരം, ബുധൻ ഡൽഹി, വ്യാഴം കോഴിക്കോട് എന്നിങ്ങനെയാണ് സർവീസുകൾ നിശ്ചയിച്ചിരിക്കുന്നത്. കോഴിക്കോട്ട് നിന്ന് 219 ദിനാറും, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് 194 ദീനാറുമാണ് ട്രാവൽ ഏജൻസികൾ മുഖേനയുള്ള നിരക്ക്.

സെപ്തംബർ 11നാണ് ഇന്ത്യയും ബഹ്‌റൈനും എയർ ബബ്ൾ കരാർ ഒപ്പ് വെച്ചത്. 13 മുതൽ ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് ആരംഭിച്ചു. എന്നാൽ, ഗൾഫ് എയർ ബഹ്‌റൈൻ കേരളീയ സമാജത്തിന്റേയും ചില ട്രാവൽ ഏജൻസികളുടെയും ചാർട്ടേഡ് വിമാനങ്ങളാണ് സർവീസ് നടത്തിയിരുന്നത്.

ഇതേ തുടർന്ന് ഗൾഫ് എയറിലെ മറ്റ് യാത്രക്കാർക്ക് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് പരാതി ഉയരുകയും ചെയ്തു. ഇതോടെ ചാർട്ടേഡ് സർവീസുകൾ അവസാനിപ്പിക്കുകയായിരുന്നു. സമാജത്തിൽ രജിസ്റ്റർ ചെയ്ത 450ഓളം പേർക്ക് പണം തിരിച്ചു നൽകുമെന്ന് അധികൃതർ അറിയിച്ചു.