ദോഹ: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷത്തിനടുത്തായി. 8,646 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 380,000 കവിഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ കൊവിഡ് മരണം രണ്ടായിരം കവിഞ്ഞു.
സൗദിയിലാണ് കോവിഡ് ഇപ്പോഴും ഗുരുതര സാഹചര്യത്തില്‍ തുടരുന്നത്. മറ്റിടങ്ങളില്‍ നിയന്ത്രണവിധേമയായി വരുന്നുണ്ട്. ഖത്തറിലും രോഗികളുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം ആയിരത്തില്‍ താഴെയായി കുറഞ്ഞത് ആശ്വാസകരമാണ്. ഖത്തറില്‍ അരലക്ഷത്തിലധികം പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.
മരണസംഖ്യയും രോഗികളുടെ എണ്ണവും ഉയര്‍ന്ന സൗദിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ കടകമ്പോളങ്ങളും മറ്റും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. രോഗവ്യാപനം കുറഞ്ഞ യുഎഇ കൂടുതല്‍ മേഖലകള്‍ തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ്. യുഎഇ വിനോദ സഞ്ചാരികളെ അടുത്ത മാസം ഏഴു മുതല്‍ സ്വീകരിച്ചു തുടങ്ങും. കൂടുതല്‍ ഇളവുകള്‍ നല്‍കി ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമം ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.