ഗള്‍ഫില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 20,000ഓളം പേര്‍; വാക്‌സിനേഷന്‍ 9 കോടിയിലേക്ക്

gulf covid

റിയാദ്: തിങ്കളാഴ്ച അര്‍ധ രാത്രി വരെ ആറു ഗള്‍ഫ് രാജ്യങ്ങളിലായി വിതരണം ചെയ്തത് 8.3 കോടിയിലേറെ ഡോസ് വാക്സിന്‍. ഇതില്‍ പകുതിയില്‍ കൂടുതലും സൗദിയിലാണ് വിതരണം ചെയ്തത്. തിങ്കളാഴ്ച അര്‍ധരാത്രി വരെ ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 8,38,77,472 ഡോസ് വാക്സിന്‍ ആണ് വിതരണം ചെയ്തതെന്ന് ജി.സി.സി സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ കണക്കുകള്‍ പറയുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ 25,24,062 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 24,96,349 പേര്‍ രോഗമുക്തി നേടുകയും 19,526 പേര്‍ മരിക്കുകയും ചെയ്തു. തിങ്കളാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 312 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഖത്തറില്‍ 149 ഉം യു.എ.ഇയില്‍ 68 ഉം ബഹ്റൈനില്‍ 17 ഉം സൗദിയില്‍ 43 ഉം ഒമാനില്‍ 10 ഉം കുവൈത്തില്‍ 25 ഉം പേര്‍ക്കാണ് തിങ്കളാഴ്ച രോഗബാധ. നാലുപേരാണ് മരിച്ചത്. യു.എ.ഇയില്‍ രണ്ടു പേരും സൗദിയിലും ഒമാനിലും ഓരോരുത്തരുമാണ് തിങ്കളാഴ്ച മരണപ്പെട്ടത്. ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ തിങ്കളാഴ്ച കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഗള്‍ഫില്‍ കൊറോണ ബാധിതര്‍ക്കിടയില്‍ രോഗമുക്തി നിരക്ക് 98.9 ശതമാനമാണ്. രോഗമുക്തി നിരക്ക് കൂടുതല്‍ ബഹ്റൈനിലും കുറവ് സൗദിയിലുമാണ്. ബഹ്റൈനില്‍ 99.4 ശതമാനവും കുവൈത്തിലും യു.എ.ഇയിലും 99.3 ശതമാനം വീതവും ഖത്തറില്‍ 99.1 ശതമാനവും ഒമാനില്‍ 98.5 ശതമാനവും സൗദിയില്‍ 98 ശതമാനവുമാണ് രോഗമുക്തി നിരക്ക്.
ALSO WATCH