ദോഹ: ഗള്‍ഫില്‍ ഇന്നലെയും ഇന്നുമായി കോവിഡ് ബാധിച്ച് മരിച്ചത് എട്ട് മലയാളികള്‍. സൌദിയില്‍ ആറു പേരും ഒമാനില്‍ രണ്ടുപേരുമാണ് മരിച്ചത്. ഇതോടെ സൗദിയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം തൊണ്ണൂറ്റി ഏഴായി.
ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശി സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തര്‍ (47), കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ സ്വദേശി പി എസ് രാജീവ്(53), തിരുവനന്തപുരം പാറശ്ശാല സ്വദേശി ചെല്ലപ്പന്‍ മണി (54), തിരുവനന്തപുരം ബീമാപള്ളി സ്വദേശി മുഹമ്മദ് സലിം (45), പാലക്കാട് മാങ്കുറുശ്ശി തെക്കുംമുറി സ്വദേശി സാമിയാര്‍ മകന്‍ രാമകൃഷ്ണന്‍ (64), മലപ്പുറം എടവണ്ണ പന്നിപാറ തുവ്വക്കാട് സ്വദേശി കണ്ണന്‍കുളവന്‍ അക്ബര്‍ മുഹമ്മദ് കുട്ടി (42) എന്നിവരാണ് സൗദിയില്‍ മരിച്ചത്.
വടക്കാട് ഒരുമനയൂര്‍ സ്വദേശി എരിഞ്ഞികുളത്തിനടുത്ത് താമസിക്കുന്ന മാങ്ങാടി അയ്യപ്പന്‍ മകന്‍ കൃഷ്ണന്‍ കുട്ടി (65), ആലപ്പുഴ സ്വദേശി ജസ്റ്റിന്‍ (41) എന്നിവരാണ് ഒമാനില്‍ മരിച്ചത്.
സുലൈമാനും രാജീവും റിയാദിലും ചെല്ലപ്പന്‍ മണിയും റിയാദിലും സലീം ബുറൈദയിലുമാണ് മരണത്തിന് കീഴടങ്ങിയത്. അല്‍ഖോബാറില്‍ സ്വന്തമായി വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു സൈനുദ്ദീന്‍. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. അബ്‌ഖൈഖില്‍ ജോലി ചെയ്തു വരികയായിരുന്ന രാജീവ്, കടുത്ത പനിയും തൊണ്ട വേദനയും മൂലം രണ്ടാഴ്ച മുമ്പാണ് ചികിത്സ തേടിയത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ഒരാഴ്ച മുമ്പ് സ്ഥിതി വഷളാവുകയും വെന്റിലേറ്റര്‍ സഹായം വേണ്ടി വരികയും ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ സ്ഥിതി കൂടുതല്‍ മോശമായി മരിച്ചു. ഭാര്യ: ബിന്ദു രാജീവ്. മക്കള്‍: അശ്വിന്‍ രാജ്, കാര്‍ത്തിക് രാജ്.
മുഹമ്മദ് കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദിലാണ് മരിച്ചത്. അസീസിയയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നു മുഹമ്മദ് കുട്ടി. രാമകൃഷ്ണന്‍ കോവിഡ് ബാധിച്ച് സൗദി അറേബ്യയയിലെ ഖമീസ് മുഷൈത്ത് ഗവണ്‍മെന്റ് ഹോസ്പിറ്റലിലാണ് മരിച്ചത്.
കൃഷ്ണന്‍ കുട്ടി ബിദിയ മന്ദരിബിയില്‍ ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ്് കോവിഡ് സ്ഥിരീകരിച്ച ജസ്റ്റിന്‍ കുറച്ച് ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്.