ഹജ്ജ്: വിദേശികള്‍ക്ക് ഇന്ന് മുതല്‍ മക്കയിലേക്ക് പ്രവേശന നിയന്ത്രണം

ജിദ്ദ: വിദേശികൾക്ക് ഇന്ന് മുതൽ മക്കയിലേക്ക് പ്രവേശന നിയന്ത്രണം. ഹജ്ജിന് മുന്നോടിയായാണ് നിയന്ത്രണം. മക്കയില്‍ ജോലിയുള്ള സ്ഥാപന ജീവനക്കാര്‍, ഗാര്‍ഹിക ജോലിക്കാര്‍, സ്വദേശികളുടെ വിദേശി ബന്ധുക്കള്‍, ഹജ്ജ് സീസണ്‍ തൊഴില്‍ വിസയുള്ളവര്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ അനുമതി പത്രം നേടുന്നതോടെ പ്രവേശനം അനുവദിക്കും. ഇവര്‍ക്കുള്ള അനുമതി പത്രം സൗദി ആഭ്യന്തര മന്ത്രാലയം നല്‍കിത്തുടങ്ങി. ഈ വിഭാഗങ്ങളിൽ ഉൾപ്പെടാത്ത ആളുകൾക്ക് ഇനി അറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണമുണ്ടായിരിക്കും.

മുകളില്‍ പറയപ്പെട്ട വിഭാഗങ്ങളും സ്വദേശികളുമല്ലാത്ത എല്ലാവരെയും മക്കയിലേക്കുള്ള പ്രവേശന കവാടത്തില്‍ തടഞ്ഞു തിരിച്ചയക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി കൂടുതല്‍ സുരക്ഷാ വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ്ജിന് ഒരുക്കം സജീവമാകുന്നതിനിടെയാണ് പുതിയ നിയന്ത്രണം.