Wednesday, July 6, 2022
HomeGulfആഭ്യന്തര ഉംറ ഉടൻ പുനരാരംഭിക്കുമെന്ന് ഹജ്ജ് മന്ത്രി

ആഭ്യന്തര ഉംറ ഉടൻ പുനരാരംഭിക്കുമെന്ന് ഹജ്ജ് മന്ത്രി

മക്ക: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി നിർത്തിവെച്ച ഉംറ തീർഥാടനം ആഭ്യന്തരതലത്തിൽ ഉടൻ പുനഃരാരംഭിക്കുമെന്ന് സൗദി ഹജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിൻ താഹിർ ബന്തൻ അറിയിച്ചു. ഞായാറാഴ്ച ചേർന്ന തീർഥാടകരുടെ രണ്ടാമത് വെർച്വൽ മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ നിയന്ത്രണങ്ങൾ പാലിച്ച് ആഭ്യന്തര തീർഥാടകർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്നും ആദ്യഘത്തിൽ പരിമിതമായ ആളുകൾക്ക് മാത്രമായിരിക്കും അനുമതി ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കിയതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഉംറ തീർഥാാടനം അനുവദിക്കുന്നത്. മുൻകരുതൽ നടപടികൾ സ്വീകരിച്ച് രാജ്യം വരും കാലങ്ങളിൽ ഉംറ തീർഥാടനത്തിലേക്ക് മടങ്ങി വരുമെന്നും മന്ത്രി പറഞ്ഞു.

ഉംറ തീർഥാടനം ആഗ്രഹിക്കുന്നവർ മൊബൈലിൽ ‘ഉംറ’ ആപ്ലിക്കേഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടാതെ കോവിഡ് മുക്തരാണെന്ന പിസിആർ റിപ്പോർട്ടും നിർബന്ധമാണ്. ആരോഗ്യ മന്ത്രാലയം നിർദേശിച്ച മുഴുവൻ നടപടിക്രമങ്ങളും പാലിക്കുന്നവർക്ക് മാത്രമേ അനുമതി നൽകുകയുള്ളൂ.

Most Popular