ദോഹ:ഹമദ് മെഡിക്കല്‍ കോര്പറേഷന് കീഴിലെ വിവിധ ആശുപത്രികളില്‍ പ്രതിവര്‍ഷം 28,000 കുഞ്ഞുങ്ങളെ കേള്വിപരിശോധനക്ക് വിധേയമാക്കുന്നുവെന്ന് എച്ച് എം സി. കുഞ്ഞുങ്ങളിലെ കേള്‍വിത്തകരാറുകള്‍ നേരത്തെ കണ്ടെത്താനായുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് ഇത്. 20 മുതല്‍ 25വരെ കുട്ടികളില്‍ കേള്‍വിസംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തുന്നുണ്ടെന്നും ആഗോള കണക്കുകള്‍പ്രകാരം 1000 കുഞ്ഞുങ്ങളില്‍ ഒന്നു മുതല്‍ മൂന്നുവരെ പേര്‍ക്ക് കേള്‍വി പ്രശ്നങ്ങളുണ്ടെന്നും ഭിന്നശേഷിക്കാരുടെ ആരോഗ്യത്തിനായുള്ള ദേശീയ പ്രോഗ്രാം മേധാവി ഡോ. ഖാലിദ് എ. ഹാദി പറഞ്ഞു.
പുതിയ പ്രോട്ടോകോള്‍ പ്രകാരം ജനനം കഴിഞ്ഞ് രണ്ടുമൂന്ന് മാസത്തിനുള്ളില്‍ നവജാത ശിശുക്കളെ പരിശോധനക്ക് വിധേയമാക്കണം. കൂടാതെ ഓട്ടോമേറ്റഡ് ഓഡിറ്ററി ബ്രെയിന്സ്ട്രീം റെസ്പോണ്‍സ് പരിശോധനയും നടത്തണം. രണ്ട് മുതല്‍ നാല് വയസ്സ് വരെയുള്ള കുട്ടികള്‍ക്കിടയില്‍ പ്രതിവര്‍ഷം 20 മുതല്‍ 30 വരെ പേരില്‍ കേള്‍വി നഷ്ടപ്പെടുന്നതുള്‍പ്പെടെയുള്ള തകരാറുകള്‍ കണ്ടെത്തുന്നുണ്ടെന്നും ഡോ. ഹാദി കൂട്ടിച്ചേര്‍ത്തു. നേരത്തെ പരിശോധന നടത്തുന്നതിലൂടെ കേള്‍വിത്തകരാറുകള്‍ വേഗത്തില്‍ കണ്ടെത്താനാകുമെന്നും ആവശ്യമായ ചികിത്സ നല്‍കാമെന്നും ആംബുലേറ്ററി കെയര്‍ സെന്ററിലെ ഓഡിയോളജി ആന്‍ഡ് ബാലന്‍സ് യൂനിറ്റ് സീനിയര്‍ കണ്‍സല്‍ട്ടന്റ് കൂടിയായ ഡോ. ഹാദി ചൂണ്ടിക്കാട്ടി.