ഖത്തറിലേക്ക് ഹയ്യ കാർഡ് വഴി പ്രവേശിക്കുന്നവർ ശ്രദ്ധിക്കുക; പുതിയ അപ്ഡേഷൻ ഇതാണ്

ദോഹ: ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്‍ബോള്‍ മത്സരത്തിനായി ഹയ്യ കാര്‍ഡ് എടുത്തവര്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശനാനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഹയ്യ കാർഡ് ഉപയോഗിച്ച് ഖത്തറിലേക്ക് വരുന്നവർക്കുള്ള പുതിയ ഒരു നിർദേശം കൂടി പുറത്തിറക്കി. സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ആണ് അപ്ഡേഷന് വന്നിരിക്കുന്നത്. ഹയ്യ കാർഡ് ഉടമയോടൊപ്പം “ഹയ്യ വിത്ത് മീ” ഫീച്ചറിൽ വരുന്ന മറ്റു 3 പേർക്കും ഈ നിയമം ബാധകമാണ്.
ഹയ്യ കാർഡ് ഉപയോഗിച്ച് വരുന്നവർ പ്രവേശന തിയ്യതി മുതൽ 2024 ജനുവരി 24 വരെയുള്ള കാലയളവിലേക്ക് ഹെൽത്ത് ഇൻഷുറൻസ് വാങ്ങണം. ഖത്തറിൽ എത്ര കാലം താമസിക്കാൻ ഉദ്ദേശിച്ചാലും ഇൻഷുറൻസ് കാലാവധി ഇതായിരിക്കും.

അതായത്, 2023 മാർച്ച് 1 മുതൽ ആണ് ഒരാൾ വരുന്നതെങ്കിൽ അയാൾ 11 മാസത്തെക്കുള്ള ഇൻഷുറൻസ് പോളിസിയാണ് നേടേണ്ടത്. ഖത്തറിലെത്തുന്നത് 2023 ഏപ്രിലിൽ ആണെങ്കിൽ അത് 10 മാസത്തേക്ക് ആയിരിക്കും. അതേസമയം, ഹയ്യയിലൂടെ അല്ലാതെ സാധാരണ വിസിറ്റ് വിസകളിൽ ഖത്തറിൽ വരുന്ന സന്ദർശകർക്ക് ഈ നിയമം ബാധകമല്ല. അവർക്ക് വിസ കാലയളവിലേക്ക് മാത്രമേ ഹെൽത്ത് ഇൻഷ്വറൻസ് നേടേണ്ടതുള്ളൂ. ഇത് സംബന്ധിച്ച് അപ്‌ഡേറ്റ് ഖത്തർ ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹയ്യ കാർഡ് ഹോൾഡർമാർ ഉൾപ്പെടെ ഖത്തറിലേക്കുള്ള എല്ലാ സന്ദർശകരും അപേക്ഷ സമയത്ത് ലഭിക്കുന്ന ലിങ്കിലൂടെ moph വെബ്സൈറ്റിൽ നിന്നാണ് പോളിസി വാങ്ങേണ്ടത്. ഇത് നിർബന്ധവുമാണ്.

അതേസമയം ഹയ്യ വഴി രാജ്യത്തേക്കുള്ള പ്രവേശനത്തിന് ബാധകമാവുന്ന നിബന്ധനകളും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. ഖത്തറില്‍ താമസിക്കാനുള്ള ഹോട്ടല്‍ റിസര്‍വേഷന്റെ തെളിവോ അല്ലെങ്കില്‍ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഒപ്പം താമസിക്കുന്നതിന്റെ വിവരങ്ങളോ നല്‍കണം. രാജ്യത്ത് പ്രവേശിക്കുമ്പോള്‍ പാസ്‍പോര്‍ട്ടിന് കുറഞ്ഞത് മൂന്ന് മാസത്തെ കാലാവധി ഉണ്ടായിരിക്കണം. രാജ്യത്ത് തങ്ങുന്ന കാലയളവിലേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും എടുത്തിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്