ഹയ്യ കാർഡ് റദ്ദാകാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? അധികൃതർ നൽകുന്ന നിർദേശങ്ങൾ

ദോഹ: ഖത്തർ ലോകകപ്പ് കാണണമെങ്കിൽ ഏറ്റവും ആദ്യം വേണ്ടത് ഹയ്യ കാർഡ് ആണ്. എന്നാൽ ചില കാരണങ്ങൾ നമ്മുടെ കയ്യിലുള്ള ഈ കാർഡിനെ അസാധുവാക്കിയേക്കാമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്.

വ്യാജ താമസ ബുക്കിംഗുകൾ നടത്തുന്ന വിദേശ ആരാധകരുടെ ഹയ്യ കാർഡുകൾ അസാധുവാക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു . അൽ കാസ് ചാനലിലെ ‘അൽ മജ്‌ലിസ്’ ഷോയിൽ പങ്കെടുത്തുകൊണ്ട് സുപ്രീം കമ്മിറ്റിയുടെ ട്രാൻസ്‌പോർട്ടേഷൻ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ താനി അൽ-സർറയാണ് ഈ കാര്യം സൂചിപ്പിച്ചത്.

“ഒരാൾക്ക് ഹയ്യ കാർഡിന് അംഗീകാരം ലഭിച്ചേക്കാം, എന്നാൽ ഇത് സ്ഥിരമായി പരിശോധിക്കപ്പെടുകയും കാർഡ് ഉടമ നടത്തുന്ന ഏതെങ്കിലും വ്യാജ താമസ റിസർവേഷൻ, കാർഡ് നിഷ്‌ക്രിയമാകാൻ കാരണമാവുകയും ചെയ്യും. എപ്പോൾ വേണമെങ്കിലും ഹയ്യ കാർഡ് പരിശോധിക്കാനും സ്റ്റാറ്റസ് അംഗീകരിച്ചതിൽ നിന്ന് നിരസിച്ചതിലേക്ക് മാറ്റാനും കഴിയും” അൽ-സർറ പറഞ്ഞു. കൂടാതെ വിദേശത്ത് നിന്ന് വരുന്ന ആരാധകർക്കായി ഖത്തർ അക്കോമഡേഷൻ ഏജൻസി ഒഴികെയുള്ള വെബ്‌സൈറ്റുകളിൽ നടത്തിയ താമസ ബുക്കിംഗുകൾ ഹയ്യ പോർട്ടൽ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.