വീട്ടുജോലിക്ക് ഇനി ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

റിയാദ്: സൗദിയിൽ വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ സൗദി മന്ത്രിസഭയുടെ തീരുമാനം. ഒരു സ്‌പോണ്‍സര്‍ക്കു കീഴില്‍ നാലില്‍ കൂടുതലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനാണ് തീരുമാനം.

സൗദിയില്‍ ഇതുവരെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ബാധകമായിരുന്നില്ല. സ്വദേശികളും വിദേശികളും അടക്കമുള്ള സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തൊഴിലുടമകള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തല്‍ നിര്‍ബന്ധമാണ്. പുതിയ മന്ത്രിസഭാ തീരുമാന പ്രകാരം നാലും അതില്‍ കുറവും ഗാര്‍ഹിക തൊഴിലാളികളുള്ള സ്‌പോണ്‍സര്‍മാര്‍ക്കു കീഴിലെ ജോലിക്കാർക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തല്‍ നിര്‍ബന്ധമായിരിക്കില്ല. ഇത്തരക്കാര്‍ക്ക് തുടര്‍ന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കും.