ദോഹ: ഖത്തറിൽ നിന്ന് യാത്ര ചെയ്യുന്നവർക്കായി 23 വാക്സിനുകള്‍ ലഭ്യമാക്കി എച്ച്.എം.സി ട്രാവൽ ക്ലിനിക്. സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ വാക്സിനുകൾ ലഭ്യമാക്കിയിരിക്കുന്നത്. നേരത്തെ പതിമൂന്ന് തരം വാക്സിനുകളായിരുന്നു ഇവിടെ നിന്നും വിതരണം ചെയ്തിരുന്നത്.
നിലവില്‍ ക്ലിനിക്കില്‍, സീസണല്‍ ഫ്ളൂ വാക്സിന്, ടിഡിഎപി, പോളിയോ, മുതിര്‍ന്നവര്‍ക്കുള്ള ഹെപ് എ വാക്സിന്, പീഡിയാട്രിക്സ് ഹെപ് എ വാക്സിന്, അഡള്‍ട്ട് ഹെപ് ബി വാക്സിന്, പീഡിയാട്രിക്സ് ഹെപ് ബി വാക്സിന്, ട്വിനിറിക്സ് ഹെപ് ബി/എ വാക്സിന്, കോളറ, ഓറല്‍ ടൈഫോയ്ഡ് വാക്സിന്, കുത്തിവയ്ക്കാവുന്ന ടൈഫോയ്ഡ് വാക്സിനുകള്‍, മെനിംഗോകോക്കല്‍ വാക്സിന്, കണ്‍ജഗേറ്റ് ന്യൂമോകോക്കല്‍ വാക്സിന്, പോളിസാക്കറൈഡ് ന്യൂമോകോക്കല്‍ വാക്സിന്, ജാപ്പനീസ് എന്‍സെഫലൈറ്റിസ് വാക്സിന്, ടിക്ക്ബോണ് എന്‍സെഫലൈറ്റിസ് വാക്സിന്, റാബിസ് വാക്സിനുകള്‍, യെല്ലോ ഫീവര്‍ വാക്സിന്, ഹീമോഫിലസ് ഇന്‍ഫ്ലുവന്‍സ, ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിന്, ഹെര്‍പ്പസ് സോസ്റ്റര്‍ വാക്സിന്, എംഎംആര്‍ വാക്സിന്, വരിസെല്ല വാക്സിന് തുടങ്ങിയവ ലഭ്യമാണ്.
‘ക്ലിനിക്ക് രണ്ട് തരം വാക്സിനുകളാണ് നല്‍കുന്നത്. ചിലത് യാത്രയുമായി ബന്ധപ്പെട്ട വാക്സിനുകളാണ്, മറ്റുള്ളവ മുതിര്‍ന്നവരുടെ പ്രതിരോധ കുത്തിവയ്പ്പിന്റെ ഭാഗമായാണ് നല്‍കുന്നത്,” സിഡിസിയുടെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലാമണി പറഞ്ഞു.
ക്ലിനിക്കിന്റെ സേവനങ്ങള്‍ ആക്സസ് ചെയ്യുന്നവര്‍ക്ക് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും (ചില രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ആവശ്യമാണ്) കൂടാതെ അവര്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളുമായി ബന്ധപ്പെട്ട രോഗ പ്രതിരോധ ഉപദേശവും തേടാവുന്നതാണ്.