ദോഹ :ഖുര്‍ആന്‍ പഠന രംഗത്തെ ജനകീയ സംരംഭമായ വെളിച്ചം പഠന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ഉന്നത വിജയികളെ ഇസ്ലാഹി സെന്ററില്‍ ചേര്‍ന്ന സമ്പൂര്‍ണ കോര്‍ഡിനേറ്റര്‍സ് മീറ്റില്‍ ആദരിച്ചു. വെളിച്ചം 2 മുപ്പതാം മോഡ്യൂളില്‍ വിജയിച്ചവര്‍ക്കും
വെളിച്ചം 2 മുപ്പതു മോഡ്യൂലുകളിലും ഉന്നത വിജയം നേടിയ 35 പഠിതാ ക്കള്ക്കുമുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റും പ്രോഗ്രാമില്‍ വിതരണം ചെയ്തു.
സിറ്റി എക്സ്ചേഞ്ച്സി. ഇ. ഒ. ഷറഫ്. പി. ഹമീദ് മുഖ്യാതിഥി ആയിരുന്നു. തുടര്‍ന്ന് സംസാരിച്ച അദ്ദേഹം സദസ്സുമായി തന്റെ ജീവിതാനുഭവം പങ്ക് വെച്ചു. ‘വിശ്വാസികളുടെ ജീവിതത്തിന്റെ കര്‍മ പദ്ധതി എന്ന നിലക്ക് വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും അവര്‍ സമയം കണ്ടെത്തേണ്ടതുണ്ട്. ഖുര്‍ആനിക നിര്‍ദേശങ്ങളെ സ്വജീവിതം കൊണ്ട് അനുഭവിപ്പിക്കാന്‍ സാധിക്കാത്ത വിശ്വാസിക്ക് ഖുര്‍ആനിന്റെ തണലില്‍ നില്‍ക്കാനാവില്ല. മാതാപിതാക്കള്‍ക്ക് കാരുണ്യത്തിന്റെ ചിറകുവിരിച്ച് കൊടുത്ത്, ജീവിത പങ്കാളിയോട് നീതി പുലര്‍ത്തി, മക്കള്‍ക്ക് മുന്നില്‍ മൂല്യബോധവും, സഹജീവി സ്നേഹവും ധാര്‍മ്മിക വിശുദ്ധിയുമുള്ള ജീവിതം നയിക്കുന്നവന് മാത്രമേ പൊതുസമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു.
സ്നേഹമാണ് ഖുര്‍ആനിന്റെ ഭാഷ, സഹജീവികളോടുള്ള സ്നേഹം, എല്ലാ അഭിപ്രായവ്യത്യാസങ്ങള്ക്കുമുപരി തന്റെ അയല്‍ക്കാരിലേക്കും, സുഹൃത്തുക്കളിലേക്കും, പ്രയാസപ്പെടുന്ന മുഴുവന്‍ മനുഷ്യരിലേക്കും ഒഴുകണം. അപ്പോഴാണ് നാം ആഗ്രഹിക്കുകയും വേദഗ്രന്ഥം വിഭാവനം ചെയ്യുകയും ചെയ്യുന്ന മാതൃകാസമൂഹം വളര്‍ന്നു വരികയുള്ളൂ. ഏത് നന്മയോടും സഹകരിക്കുകയും തിന്മകളോട് നിസ്സഹകരിക്കുകയും ചെയ്യുക എന്നതാണ് മുസ്ലിമിന്റെ നിലപാട്. അപ്പോഴാണ് നല്ല വ്യക്തിയും സമൂഹവുമൊക്കെ രൂപപ്പെടുകയുള്ളു.
ഖുര്‍ആനിന്റെ അക്ഷര വായനയില്‍ നിന്ന് ആശയ വായനയിലേക്ക് മുസ്ലിം സമുദായം വളരുകയും ഖുര്‍ആനിന്റെ ആളുകളെന്ന നിലക്കുള്ള സംതൃപ്തമായ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് സമ്മാനിക്കാന്‍ സാധിക്കുകയും ചെയ്താല്‍ മാത്രമേ നമ്മുടെ ഖുര്‍ആന്‍ പഠനത്തിന് അര്‍ത്ഥമുണ്ടാവുകയുള്ളൂ. മാനവ സമൂഹത്തിനു മുഴുവനുമുള്ള സന്ദേശം എന്നാണ് ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത്. അത് കൊണ്ട് തന്നെ, വിശുദ്ധ വേദഗ്രന്ഥത്തെ ആരില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതില്ല. എല്ലാവരും അറിയുകയും വായിക്കുകയും എല്ലാവരാലും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതായി ഖുര്‍ആന്‍ മാറി വരേണ്ടതുണ്ട്. ആ നിലക്ക് വെളിച്ചത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ടും പ്രതിഫലാര്‍ഹവും സ്തുത്യര്‍ഹവുമാണ്. ഇതിന്റെ ഒരു പഠിതാവായി മാറുന്നതില്‍ എനിക്ക് അഭിമാനമുണ്ട്.’ അദ്ദേഹം കൂട്ടിചേര്‍ത്തു.
വെളിച്ചം ഖത്തര്‍ ചെയര്മാന് സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം ഉല്‍ഘാടനം ചെയ്തു. വെളിച്ചം കണ്‍വീനര്‍ ഉമര്‍ ഫാറൂഖ്, ചീഫ് കോര്‍ഡിനേറ്റര്‍ മുജീബ് കുനിയില്‍, എക്സാം കണ്‍വീനര്‍ ഹമീദ് കല്ലിക്കണ്ടി, ഷൈജല്‍ ബാലുശ്ശേരി, ഡോ. റസീല്‍, അബ്ദുറഹ്മാന് മദനി, സൈനബ അന്‍വാരിയ്യ
തുടങ്ങിയവര്‍ സംബന്ധിച്ചു.