റിയാദ്: സൗദി അറേബ്യയുടെ സമ്പദ് ഘടനയില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആറ് ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ടാകുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. ഇതില്‍ മൂന്ന് ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം ടൂറിസം, ഗതാഗതം, വിനോദം, സ്‌പോര്‍ട്‌സ് പദ്ധതികളിലായിരിക്കും. സൗദി സ്വകാര്യമേഖലയുടെ പങ്കാളിത്തം ഈ പദ്ധതികളിലുണ്ടാവും.
സൗദി പൊതുനിക്ഷേപ ഫണ്ടിന്റെയും സ്വകാര്യമേഖലയുടെയും 85 ശതമാനം പങ്കാളിത്തമാണ് ആറ് ട്രില്യണ്‍ ഡോളര്‍ നിക്ഷേപത്തിലുണ്ടാവുക. ബാക്കി 15 ശതമാനം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും മറ്റ് ലോക രാജ്യങ്ങളില്‍ നിന്നുമുള്ള നിക്ഷേപകര്‍ക്കായി മാറ്റിവെക്കും. 36 ലോകരാജ്യങ്ങള്‍ പങ്കെടുത്ത ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സൗദി കിരീടാവകാശി. വിദേശ നിക്ഷേപകരെ അദ്ദേഹം സൗദിയിലേക്ക് ക്ഷണിച്ചു.
രാജ്യത്തൊട്ടാകെ ആറ് ട്രില്യണ്‍ ഡോളറിന്റെ പദ്ധതികളാണ് പത്ത് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുക. ടൂറിസം, ഗതാഗതം, വിനോദം, സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപ പദ്ധതി. ഇതോടെ രാജ്യത്ത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കും. ലോക സാമ്പത്തിക ഫോറത്തിന് കീഴില്‍ 36 രാജ്യങ്ങളിലേയും 28 മേഖലകളിലെയും 160 ലേറെ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.