ജിദ്ദയിൽ കഴിഞ്ഞ ദിവസം പെയ്തത് 13 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഴ

റിയാദ്: ജിദ്ദയിൽ കഴിഞ്ഞ ദിവസം പെയ്തത് 13 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഴയെന്ന് റിപ്പോർട്ടുകൾ. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് മഴ ഏറ്റവും ഉയർന്ന അളവ് രേഖപ്പെടുത്തിയത്. നിരീക്ഷണ കേന്ദ്രങ്ങൾ അനുസരിച്ച് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് ഗവർണറേറ്റിന്റെ തെക്ക് ഭാഗത്താണ്. അത് 179.7 മില്ലിമീറ്ററാണെന്ന് നിരീക്ഷണ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.

വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസഭ നേരത്തെ വ്യക്തമാക്കിയിരുന്നു. ദുരിത ബാധിതര് നാശനഷ്ടങ്ങള്‍ കണക്കാക്കാനും വേണ്ട നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിരുന്നു.

വ്യാഴാഴ്ചത്തെ ശക്തമായ പ്രളയത്തില്‍ മരങ്ങള്‍ കടപുഴകി വീണ് റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. മരങ്ങള്‍ വീണ് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വെള്ളം കയറിയ റോഡുകളില്‍ കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സ് റബ്ബര്‍ ബോട്ടുകളും മറ്റും ഉപയോഗിച്ചാണ് സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ചത്.