Friday, January 28, 2022
HomeGulfകെപി മുഹമ്മദ്‌കുട്ടിക്ക് പ്രവാസലോകത്തെ ഏറ്റവുമികച്ച  പൊതുപ്രവർത്തകനുള്ള ആദരവുമായി ജിദ്ദ കെ എം സി സി

കെപി മുഹമ്മദ്‌കുട്ടിക്ക് പ്രവാസലോകത്തെ ഏറ്റവുമികച്ച  പൊതുപ്രവർത്തകനുള്ള ആദരവുമായി ജിദ്ദ കെ എം സി സി

ജിദ്ദ: കഴിഞ്ഞ നാലുപതിറ്റാണ്ടുകാലത്തെ സേവന നന്മക്ക് കെപി മുഹമ്മദ്‌കുട്ടിക്ക് ജിദ്ദ കെ എം സി സി യുടെ  സ്നേഹാദരം. ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രഗത്ഭരും നൂറുകണക്കിന് കെ എം സി സി പ്രവർത്തകരും പങ്കെടുത്ത പ്രൗഢമായ സദസ്സിൽവെച്ചുകൊണ്ടായിരുന്നു പ്രവാസലോകത്തെ ഏറ്റവുമികച്ച  പൊതുപ്രവർത്തകനുള്ള ആദരം സമർപ്പിക്കപ്പെട്ടത്. എൺപതുകളിൽ ചന്ദ്രിക റീഡേഴ്സ് ഫോറം രൂപീകരണത്തിലൂടെ സാധാരണ പ്രവാസികളുടെ സേവകനായായി മാറുകയും കെ എം സി സി എന്ന മഹാ പ്രസ്ഥാനത്തെ പടുത്തുയർത്തിയ നേതാവാണ് കെ .പി മുഹമ്മദ് കുട്ടി.
കെ എം സി സി യുടെ സൗദി നാഷണൽ കമ്മറ്റിയുടെ അധ്യക്ഷനായ അദ്ദേഹം  തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  സ്ഥാനലബ്ദിക്കുശേഷം ജിദ്ദയിലെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന് ജിദ്ദ കെ എം സി സി ആദരവ് നൽകാൻ തീരുമാനിച്ചത്.  ഷറഫിയ്യ ഇമ്പാല ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞി മോൻ കാക്കിയ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. സൗദിയുടെ വിവിധ പ്രവിശ്യകളിൽ  കെഎംസിസി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ കെ.പി മുഹമ്മദ് കുട്ടി വഹിച്ച പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ദീർഘ ദൂരം യാത്ര ചെയ്‌താലും ക്ഷീണം വകവെക്കാതെയുള്ള   അദ്ദേഹത്തിന്റെ വശ്യമായ   പ്രഭാഷണവും   പ്രവർത്തനങ്ങളും പ്രവർത്തകർക്ക് ഏറെ ആവേശം നൽകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി ക്ക്  ലഭിച്ച മുനിസിപ്പൽ ചെയർമാൻ പദവി സൗദി കെഎംസിസിക്ക്  ലഭിച്ച വലിയ  അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്‌മദ്  പാളയാട്ട് അധ്യക്ഷത വഹിച്ചു.
വി.പി മുഹമ്മദലി, മുഹമ്മദ് ആലുങ്ങൽ, മുസാഫിർ (മലയാളം ന്യൂസ്), പി .എ റഹീം (ന്യൂ ഏജ് ), കെ.ടി എ മുനീർ (ഒ ഐ സി സി ), അബ്ദുറഹ്മാൻ ഫായിദ, സയ്യിദ് ഉബൈദുല്ല തങ്ങൾ (എസ് ഐ സി ), ഹാഫിസ് മുഹമ്മദ് ഇഖ്ബാൽ (വിസ്‌ഡം ), ഷിബു തിരുവനന്തപുരം (ജിദ്ദ നവോദയ), അബ്ദുൽ മജീദ് നഹ , കാവനൂർ പഞ്ചായത്ത് പ്രസിഡന്റ് ഉസ്‌മാൻ കാവനൂർ , നാസർ വെളിയങ്കോട്, നാസർ എടവനക്കാട് , മജീദ് പുകയൂർ, ബേബി നീലാമ്പ്ര , സക്കീർ ഹുസ്സൈൻ , നസീർ വാവക്കുഞ്ഞു തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു.
ജിദ്ദ കെഎംസിസിയുടെ  സ്നേഹോപഹാരം  പ്രസിഡന്റ്  അഹ്‌മദ്‌ പാളയാട്ട്   കെ. പി മുഹമ്മദ് കുട്ടിക്ക് സമ്മാനിച്ചു. പരിപാടിയിൽ വെച്ച്  കോഴിക്കോട് ജില്ല കെഎംസിസി ഭാരവാഹികൾ  കെ.പി മുഹമ്മദ് കുട്ടിയെ ഷാൾ അണിയിച്ചു.
കലിംഗ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ പ്രവാസി ദമ്പതികളായ ഫിറോസ് ആര്യൻതൊടിക – സമീറ എന്നിവർക്കും കോവിഡ് കാലത്ത് മികച്ച   സേവനം ചെയ്‌ത ആരോഗ്യ പ്രവർത്തക ജോമിനി ജോസഫിന് എന്നിവർക്ക് ജിദ്ദ കെഎംസിസി യുടെ ഉപഹാരങ്ങൾ  കെ . പി മുഹമ്മദ് കുട്ടി സമ്മാനിച്ചു.
പ്രവാസി പ്രശനങ്ങൾ പരിഹരിക്കാൻ  എല്ലാ സംഘടനകളും ഒന്നിച്ചു നിൽക്കണമെന്നും ഇക്കാര്യത്തിൽ ജിദ്ദയിലെ സംഘടനകൾ മാതൃകയെന്നും മറുപടി പ്രസംഗം നടത്തവേ കെ പി മുഹമ്മദ് കുട്ടി പ്രസ്താവിച്ചു.. പ്രവാസികളുടെ പ്രശനങ്ങൾ സർക്കാർ ഗൗരവത്തിൽ കാണണമെന്നും പ്രവാസി പെൻഷൻ തുക അയ്യായിരം രൂപയാക്കി  ഉയർത്തണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. കെഎംസിസി പ്രവാസികൾക്കായി  നടത്തുന്ന  കുടുംബ സുരക്ഷ പദ്ധതിയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ  സർക്കാർ  പദ്ധതിയെക്കാൾ മികച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസ – നവോഥാന പ്രവർത്തനങ്ങൾ കൊണ്ടും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ കൊണ്ടും ചരിത്ര പ്രസിദ്ധമായ തിരൂരങ്ങാടിയുടെ നഗര പിതാവാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം  ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.വി ജംഷീർ മൂന്നിയൂർ ഖിറാഅത്ത് നടത്തി. കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ശിഹാബ് താമരക്കുളം സ്വാഗതവും സെക്രട്ടറി  ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.
സി. കെ റസാഖ്‌ മാസ്റ്റർ, ഇസ്മായിൽ മുണ്ടക്കുളം, എകെ ബാവ , പി. സി. എ റഹ്മാൻ ( ഇണ്ണി), അബ്ദുറഹ്മാൻ വെള്ളിമാട് കുന്ന്, നാസർ മച്ചിങ്ങൽ  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Most Popular