‘കലയോരം’ കലാ സാംസ്കാരിക പ്രവർത്തകർ ഒത്തുചേർന്നു

ദോഹ:  യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന ‘നാം – കരുത്തരാവുക , കരുതലാവുക’  ക്യാമ്പയിന്റെ ഭാഗമായി ഖത്തറിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായവർ ഒത്തുചേർന്നു. ‘കലയോരം’ എന്ന പേരിൽ യൂത്ത് ഫോറം ഹാളിൽ സംഘടിപ്പിച്ച പരിപാടി യൂത്ത് ഫോറം ഖത്തർ പ്രസിഡൻ്റ് എസ്.എസ് മുസ്തഫ ഉദ്ഘാടനം ചെയ്തു .യൂത്ത് ഫോറം ദോഹ സോണൽ പ്രസിഡൻ്റ് മുഹമ്മദ് അനീസ് അദ്ധ്യക്ഷനായിരുന്നു. നടനും തിരക്കഥാകൃത്തുമായ ഉസ്മാൻ മാരാത്ത്, ഖത്തർ മാപ്പിള കലാ അക്കാദമി പ്രസിഡൻ്റ് മുത്തലിബ് മട്ടന്നൂർ, നാടക പ്രവർത്തകരായ ലത്തീഫ് വടക്കേകാട്, നജീബ് കീഴരിയൂർ, മനുരാജ് എന്നിവരും നാടൻ പാട്ട് ഗായകൻ രജീഷ് കരിന്തലക്കൂട്ടം, മിമിക്രി ആർട്ടിസ്റ്റും നടനുമായ വസന്തൻ പൊന്നാനി, കവി ഫൈസൽ അബൂബക്കർ, ചിത്രകാരൻ ബാസിത് ഖാൻ, ഷോർട്ട് ഫിലിം സംവിധായകൻ ഷമീൽ എ.ജെ, തുടങ്ങിയവരും അതിഥികളായി പങ്കെടുത്തു. യൂത്ത് ഫോറം ക്യാമ്പയിൻ പ്രമേയമാക്കി ചിത്രകാരൻ ബാസിത് ഖാൻ  വേദിയിൽ തത്സമയം ചിത്രരചന നടത്തി. കലാകാരൻമാർ അണിയിച്ചൊരുക്കിയ കലാസന്ധ്യയും അരങ്ങേറി.
കലയോരത്തിൽ പങ്കെടുത്ത എല്ലാ കലാകാരന്മാരെയും യൂത്ത് ഫോറം ഉപഹാരങ്ങൾ നൽകി ആദരിച്ചു.
യൂത്ത് ഫോറം ക്യാമ്പയിൻ നവംബർ 15 ന് സമാപിക്കും.