കേളി കലണ്ടർ 2022 പ്രകാശനം ചെയ്‌തു

റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ 2022 ലെ കലണ്ടർ പ്രകാശനം ചെയ്തു. ബഗള്ഫിലെ കിങ്‌ഡം ഓഡിറ്റോറിയത്തിൽ നടന്ന കേളി ഇരുപത്തിയൊന്നാം വാർഷികം ‘കേളിദിനം 2022’നോടനുബന്ധിച്ചാണ് കലണ്ടർ പ്രകാശനം നടന്നത്.

 നോർക്ക റൂട്‌സ് പ്രവാസികൾക്കായി ഒരുക്കിയിട്ടുള്ള വിവിധ ക്ഷേമ പദ്ധതികളുടെ വിവരങ്ങളുമായാണ് ഇത്തവണത്തെ കലണ്ടർ പുറത്തിറങ്ങിയിട്ടുള്ളത്. കൂടാതെ ഇന്ത്യൻ എമ്പസ്സി, സൗദി ലേബർ വിഭാഗം, എമർജൻസി നമ്പറുകൾ, പ്രധാന ആശുപത്രികൾ, സൗദിയിലെ മലയാള മാധ്യമങ്ങൾ, കേരള സർക്കാരുമായി ബന്ധപ്പെടാവുന്ന തരത്തിൽ വിവിധ വകുപ്പ് മന്ത്രിമാരുടെ ഓഫീസ് നമ്പറുകൾ എന്നിങ്ങനെ ഒരു പ്രവാസിക്ക് ആവശ്യമായ പരമാവധി വിവരങ്ങൾ ഇത്തവണയും കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  കലണ്ടറുമായി ബന്ധപ്പെട്ട എല്ലാ ജോലികളും കേളി അംഗങ്ങൾ തന്നെയാണ് നിർവഹിച്ചത്. കേളി സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂരാണ് കലണ്ടർ രൂപകൽപന ചെയ്തത്. കെ.ടി.പി.കോബ്‌ളാൻ പൈപ്പ്‌സ്, അസാഫ് ബിൽഡിങ് മെറ്റീരിയൽസ് സപ്ലൈ എന്നിവരാണ് ഇത്തവണത്തെ കലണ്ടർ സ്‌പോൺസർമാർ. ഇത് തുടർച്ചയായി നാലാം തവണയാണ് കെ.ടി.പി.കോബ്‌ളാൻ പൈപ്പ്‌സ് കേളി കലണ്ടർ സ്പോൺസർ ചെയ്യുന്നത്.

പ്രകാശന ചടങ്ങിൽ കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷതയും ജോയന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും പറഞ്ഞു. കൊപ്ലാൻ സെയിൽസ് മാനേജർ സിദ്ദിഖ്, അസാഫ് മർക്കറ്റിങ് മാനേജർ പ്രസാദ് വഞ്ചിപുര എന്നിവരുടെ സാന്നിധ്യത്തിൽ അസാഫ് എം.ഡി അബ്ദുള്ള അൽ അസാരി പ്രകാശനകർമ്മം നിർവ്വഹിച്ചു. അസാഫിനുള്ള ഉപഹാരം സെൻ ആന്റണിയിൽ നിന്നും അബ്ദുല്ല അൽ അസാരിയും കൊബ്‌ളാൻ പൈപ്പ്സിനുള്ള ഉപഹാരം കേളി സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മലിൽ നിന്നും സിദ്ധീക്കും ഏറ്റുവാങ്ങി. കേളി രക്ഷാധികാരി സമിതി അംഗം സതീഷ്കുമാർ, കലണ്ടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച കേളി കേന്ദ്ര കമ്മറ്റി അംഗം സെൻ ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി ആക്റ്റിംഗ് സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ, രക്ഷാധികാരി അംഗങ്ങൾ, കേളി  സെക്രട്ടറിയറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേളി ആക്ടിങ് ട്രഷറർ സെബിൻ ഇഖ്ബാൽ നന്ദി പറഞ്ഞു.