കേളി അൽഖർജ് ഏരിയ ലൈബ്രറിക്ക് തുടക്കമായി

റിയാദ് : പ്രവാസികളില്‍ വായനാശീലവും ചരിത്രാവബോധവും വര്‍ദ്ധിപ്പിക്കുന്നതിനും, വായനാശീലമുള്ളവർക്ക് പുസ്തകങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിന്റെയും ഭാഗമായി കേളി കലാസാംസ്‌കാരിക വേദി ഏരിയാതലങ്ങളിൽ ആരംഭിച്ചിരിക്കുന്ന ലൈബ്രറികളുടെ ഭാഗമായി അൽഖർജ് ഏരിയ ലൈബ്രറിയുടെ ഉദ്‌ഘാടനം നടന്നു. റിയാദിലും പരിസര പ്രദേശങ്ങളിലുമായി കേളിയുടെ 12 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ലൈബ്രറികൾ പ്രവർത്തിക്കുക.

കേളി അൽഖർജ് ഏരിയ പരിധിയിൽ നടന്ന ചടങ്ങിൽ, ഏരിയ സാംസ്കാരിക കമ്മിറ്റി കൺവീനർ ഷബി അബ്ദുൽസലാം ഏരിയാ സെക്രട്ടറി രാജൻ പള്ളിത്തടത്തിന് പുസ്തകം കൈമാറി ലൈബ്രറിക്ക് തുടക്കം കുറിച്ചു.

കേളി കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് ചാലിയം, മധുപട്ടാമ്പി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കൺവീനർ സുബ്രഹ്മണ്യൻ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ യൂണിറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിന് ഏരിയ ട്രഷറർ ജയൻ പെരുനാട് നന്ദി പറഞ്ഞു.