Tuesday, May 17, 2022
HomeGulfകേളി മെഗാ രക്തദാന ക്യാമ്പിന് വൻ ജനപങ്കാളിത്തം

കേളി മെഗാ രക്തദാന ക്യാമ്പിന് വൻ ജനപങ്കാളിത്തം

റിയാദ് : സൗദി ആരോഗ്യ മന്ത്രാലയത്തിന് (MOH) വേണ്ടി കേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച അഞ്ചാമത് മെഗാ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റമദാൻ മാസത്തിൽ രക്തദാതാക്കളുടെ കുറവ് പരിഹരിക്കുന്നതിനായി MOH ആവശ്യപ്പെട്ട പ്രകാരമാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ലുലു ഹൈപ്പർ മാർക്കറ്റിന്റെയും സഫമക്ക പോളിക്ലിനിക്കിന്റെയും സഹകരണത്തോടെ നടത്തിയ ക്യാമ്പ് മുൻ വർഷങ്ങളിലേതു പോലെ പ്രവാസി സമൂഹം ഏറ്റെടുത്തു. മാർച്ച് 25ന് മലാസിലെ പുതിയ ലുലു മാളിൽ നടന്ന ക്യാമ്പ് രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെ നീണ്ടു നിന്നു. കേളിയുടേയും, കേളി കുടുംബ വേദിയുടെയും പ്രവർത്തകർക്ക് പുറമെ നിരവധി മലയാളികളും, ഇതര സംസ്ഥാനക്കാരും വിവിധ രാജ്യക്കാരുമായ ആയിരത്തോളം ആളുകൾ ക്യാമ്പിനെത്തിയിരുന്നു. രക്തം ദാനം ചെയ്യുന്നതിനായി അറന്നൂറോളം പേർ തയ്യാറായെങ്കിലും 539 പേരുടെ രക്തം സ്വീകരിക്കാനേ സാധിച്ചുള്ളൂ. രക്തദാന ക്യാമ്പിനോടനുബന്ധിച്ച് നടത്താനുദ്ദേശിച്ച മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനാ ക്യാമ്പും കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെ ഡോക്ടർമാരുടെ അസൗകര്യത്തെ തുടർന്ന് നടത്താൻ സാധിച്ചില്ലെന്ന് ക്യാമ്പ് കോർഡിനേറ്റർ ഷമീർ കുന്നുമ്മൽ അറിയിച്ചു.

കേളിയുടെ ജീവകാരുണ്യ പ്രവർത്തന രംഗത്തെ സുപ്രധാന പരിപാടിയായ രക്തദാന ക്യാമ്പ്,  2021ൽ കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നടത്തിയിരുന്നില്ല. എങ്കിലും മുന്നൂറിലധികം യൂണിറ്റ് രക്തം  വിവിധ സന്ദർഭങ്ങളിലായി കേളിയുടെ പ്രവർത്തകർ നൽകിയിട്ടുണ്ട്. റിയാദ് ബ്ലഡ് ബാങ്ക് അത്യാവശ്യ ഘട്ടങ്ങളിലെല്ലാം രക്തത്തിനായി കേളിയെ സമീപിക്കാറുണ്ട്. മുൻ വർഷങ്ങളിൽ ഉണ്ടായിട്ടുള്ള മദീന ബസപകടം, മക്ക ക്രയിൻ ദുരന്തം എന്നിവയിലെല്ലാം കേളിയുടെ രക്തദാനം വളരെ സഹായകമായിട്ടുള്ളതായി റിയാദ് ബ്ലഡ് ബാങ്ക് ഡയറക്റ്റർ മുഹമ്മദ് ഫഹദ് അൽ മുത്തേരി പറഞ്ഞു. 2 മൊബൈൽ യൂണിറ്റ് അടക്കം ഒരേ സമയം 22 പേരുടെ രക്തം എടുക്കാവുന്ന സംവിധാനമാണ് ഒരുക്കിയിരുന്നത്.  48 മെഡിക്കൽ സ്റ്റാഫ്, 70 വളണ്ടിയർമാർ എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.

ക്യാമ്പിന്റെ സമാപന ചടങ്ങിൽ ജീവകാരുണ്യ വിഭാഗം കൺവീനർ മധു എടപ്പുറത്ത് ആമുഖ പ്രഭാഷണം നടത്തി. കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ സ്വാഗതവും ക്യാമ്പ് കോഡിനേറ്റർ ഷമീർ കുന്നുമ്മൽ ക്യാമ്പിന്റെ പ്രവർത്തനത്തെ വിലയിരുത്തിയും സംസാരിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, MOH ബ്ലഡ് ബാങ്ക് ഡയറക്ടർ മുഹമ്മദ് ഫഹദ് അൽ മുത്തേരി, ലുലു ഹൈപ്പർമാർക്കറ്റ് മലാസ് ബ്രാഞ്ച് മാനേജർ മുജീബ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതിനുള്ള സൗദി ആരോഗ്യ മന്ത്രാലത്തിന്റെ ഉപഹാരവും, സർട്ടിഫിക്കറ്റും ബ്ലഡ് ബാങ്ക് ഡയറക്ടർ മുഹമ്മദ് ഫഹദ് അൽ മുത്തേരിയിൽ നിന്നും കേളി ആക്ടിങ്  സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ ഏറ്റുവാങ്ങി. കേളി ജീവകാരുണ്യ വിഭാഗം ചെയർമാൻ നസീർ മുള്ളൂർക്കര നന്ദി പറഞ്ഞു. മലാസ് ഏരിയ സെക്രട്ടറി സുനിൽ കുമാർ, ജീവകാരുണ്യ കമ്മറ്റി അംഗം സുജിത്ത്, ജീവകാരുണ്യ വിഭാഗം കൺവീനർ മധു ഏടപ്പുറത്ത്, ചെയർമാൻ നസീർ മുള്ളൂർക്കര, സലീം മടവൂർ, അനിൽ, സൈബർ വിങ് കൺവീനർ സിജിൻ കൂവള്ളൂർ, ചെയർമാൻ ബിജു തായമ്പത്ത്, നൗഷാദ്, കേളി വളണ്ടിയർ ക്യാപ്റ്റൻ ഹുസൈൻ മണക്കാട് എന്നിവർ ക്യാമ്പ് നിയന്ത്രിക്കുന്നതിന് നേതൃത്വം നൽകി.

Most Popular