ന്യൂഡല്‍ഹി: അവധിക്ക് വന്ന പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യത്തേക്ക് തിരിച്ചു പോകുന്നതിന് മൂന്ന് മാസത്തില്‍ കൂടുതല്‍ വിസാ കാലാവധി നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ഡല്‍ഹി കെഎംസിസി സമര്‍പ്പിച്ച ഹരജിയിലാണ് കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. ജസ്റ്റിസ് അനു ശിവരാമന് അധ്യക്ഷയായ ബെഞ്ചിന്റേതാണ് ഉത്തരവ്.
നിലവില്‍ നാട്ടിലുള്ള ആയിരക്കണക്കിന് പ്രവാസികളുടെ ഭാവിയെ സാരമായി ബാധിക്കുന്ന ഉത്തരവ് സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്ന് കെഎംസിസിക്കു വേണ്ടി ഹാജരായ അഡ്വ ഹാരിസ് ബീരാന് ആവശ്യപ്പെട്ടു. ജൂലൈ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. ജൂണ്‍ ഒന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ചട്ടമാണ് വിദേശത്ത് ജോലിക്കായി പോകുന്നവര്‍ക്ക് ചുരുങ്ങിയത് മൂന്ന് മാസത്തെയെങ്കിലും വിസാകാലാവധി ഉണ്ടായിരിക്കണമെന്ന് നിഷ്കര്‍ശിക്കുന്നത്. ഇതേ സമയം ജോലിയിതര പഠന, പരിശീലന ആവശ്യങ്ങള്‍ക്കായി പോവുന്നവര്‍ക്ക് ഒരു മാസത്തെ വിസയില്‍ യാത്ര അനുവദിക്കുന്നതായും ചട്ടം പറയുന്നു.
വിസാകാലാധി തീര്‍ന്നാലും തൊഴിലാളികള്‍ക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങി വരാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം സന്നദ്ധത അറിയിച്ചിരിക്കെയാണ് സ്വന്തം പൗരന്മാരെ അനിശ്ചിതത്വത്തിലാക്കുന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നതെന്ന് ഡല്‍ഹി കെഎംസിസി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹലീം മുഖേന ഫയല്‍ ചെയ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ച് അവസാനം പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിനെ തുടര്‍ന്ന് അവധിക്കായും മറ്റും നാട്ടില്‍ എത്തി ഇവിടെ തുടരേണ്ടി വന്നവരും കോവിഡ് 19 കാരണമായി പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നാട്ടിലെത്തിയവരുമായ ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് ഈ തീരുമാനം തിരിച്ചടിയാകുന്നത്.
വിഷയത്തില്‍ പ്രവാസികള്‍ക്ക് അനുകൂല നിലപാടുണ്ടാവുമെന്ന് യുഎഇ ഇന്ത്യന്‍ എംബസി നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധമായി ഇതുവരെ അറിയിപ്പുകളൊന്നും വന്നിട്ടില്ല.