ദോഹ: ഖത്തറിൽ വിവിധ മേഘലകളിൽ ജോലിചെയ്യുന്ന മലയാളി ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ കേരള ഫാർമസി ഫോറം ഖത്തർ വാർഷിക പൊതു യോഗം മാർച്ച് 25 വെള്ളിയാഴ്ച്ച ദോഹയിലെ ക്രൗൺ പ്ലാസയിൽ വെച്ച് സംഘടിപ്പിച്ചു.
കെ.പി എഫ്.ക്യൂ. വൈസ് പ്രസിഡന്റ് അക്ബർ ടി പി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജാഫർ ചാലിലകത്ത് അധ്യക്ഷനായിരുന്നു. ഇന്ത്യൻ എംബസി കൗൺസിലർ ആഞ്ജലീന പ്രേമലത മുഖ്യ അതിഥിയായിരുന്നു. ഐ.ബി.പി.സി. പ്രസിഡന്റ് ജാഫർ സാദിക്, ഐ .സി.ബി. എഫ്. പ്രസിഡന്റ് സിയാദ് ഉസ്മാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു .
സംഘടനയുടെ പ്രഥമ മാഗസിൻ ഇന്ത്യൻ എംബസി കൗൺസിലർ അഞ്ജലീന പ്രേമലത വെൽകെയർ ഗ്രൂപ്പ് എം ഡി അഷറഫ് കെ.പി ക്ക് നൽകികൊണ്ട് പ്രകാശനം നിർവ്വഹിച്ചു. ഏറെ വെല്ലുവിളികൾക്കിടയിലും മാഗസിൻ യാഥാർഥ്യമാക്കിയ എഡിറ്റർ ഷഹാന ഇല്യാസ് മാഗസിൻ സദസ്സിനു പരിചയപ്പെടുത്തി സംസാരിച്ചു . തുടർന്ന് നടന്ന കെ . പി . എഫ് . ക്യു യുടെ തുടർ വിദ്യാഭ്യാസ പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും ഐ. ബി.പി.സി. പ്രസിഡന്റ് ജാഫർ സാദിക്ക് നിർവഹിച്ചു. ആരോഗ്യപ്രവർത്തകരുടെ തുടർ വിദ്യാഭ്യാസ പരിപാടികളുടെ പ്രാധാന്യത്തെപ്പറ്റി സെക്രട്ടറി ജെറ്റി ജോർജ്ജ് യോഗത്തിൽ വിശദീകരിച്ചു .
അംഗങ്ങൾക്കായി സംഘടിപ്പിക്കപ്പെട്ട കായികമൽസരങ്ങളുടെ സമ്മാനദാനം ഐ.സി.ബി. എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ നിർവ്വഹിച്ചു. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി കലാകായിക മൽസരങ്ങൾ അംഗങ്ങൾക്കായി സംഘടിപ്പിക്കാൻ ആലോചിക്കുന്ന വിവരം കായികവിഭാഗം കൺവീനർ ആരിഫ് യോഗത്തെ അറിയിച്ചു. യോഗത്തിന് എത്തിച്ചേർന്ന എല്ലാ അംഗങ്ങൾക്കും അതിഥികൾക്കും ട്രഷറർ അസീസ് പുറായിൽ നന്ദി അറിയിച്ചു.