Wednesday, May 18, 2022
HomeGulfപ്രവാസികള്‍ക്ക് ഇനി മുതല്‍ 14 ദിവസത്തെ ക്വാറന്റീന്‍ മാത്രം; സമ്പര്‍ക്ക പട്ടകിയില്‍ പെടുന്നവര്‍ക്ക് മുഴുവനും ക്വാറന്റീന്‍...

പ്രവാസികള്‍ക്ക് ഇനി മുതല്‍ 14 ദിവസത്തെ ക്വാറന്റീന്‍ മാത്രം; സമ്പര്‍ക്ക പട്ടകിയില്‍ പെടുന്നവര്‍ക്ക് മുഴുവനും ക്വാറന്റീന്‍ വേണ്ട

തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് 28 ദിവസം ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയ തീരുമാനം മാറ്റി. ഇനി കേരളത്തിലേക്ക് വരുന്നവര്‍ 14 ദിവസത്തെ ക്വാറന്റീന്‍ പാലിച്ചാല്‍ മതിയാവും. ചുരുങ്ങിയ ദിവസത്തെ അവധിക്ക് കേരളത്തിലേക്ക് മടങ്ങാനിരിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും.

സംസ്ഥാനത്തെ കോവിഡ് ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയാണ് പുതിയ തീരുമാനം അറിയിച്ചത്. കോവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട എല്ലാവരും ഇനി മുതല്‍ ക്വാറന്റീനില്‍ പോകേണ്ടതില്ലെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം ക്വാറന്റീനില്‍ പോയാല്‍ മതിയെന്നും മറ്റുള്ളവര്‍ നിയന്ത്രണങ്ങള്‍ പാലിച്ച് മുന്‍കരുതലെടുക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

സമ്പര്‍ക്കപ്പട്ടികയെ രണ്ടായി തിരിച്ച് ക്വാറന്റീന്‍ നടപ്പാക്കാനാണ് പുതിയ മാര്‍ഗരേഖ നിര്‍ദേശിക്കുന്നത്. രോഗിയുമായി ഒരു മീറ്ററിനുള്ളില്‍ 15 മിനിറ്റില്‍ കൂടുതല്‍ ഇടപെട്ടവരും രോഗിയെ സ്പര്‍ശിച്ചവരും രോഗിയുടെ വീട്ടില്‍ താമസിച്ചവരും ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെടും. മാസ്‌ക്ക് ഉപയോഗിക്കാതെയും കൈകള്‍ സാനിറ്റൈസ് ചെയ്യാതെയും രോഗിയുടെ വസ്ത്രങ്ങള്‍ എടുത്തവരും ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. ഇവര്‍ 14 ദിവസം ക്വാറന്റീനിയില്‍ പോകണം.

സമ്പര്‍ക്കപ്പട്ടികയിലെ മറ്റുള്ളവരെല്ലാം ലോ റിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇവര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും മാസ്‌ക്ക് ധരിച്ച് വ്യക്തി ശുചിത്വം പാലിക്കുകയും വേണം. വിവാഹം പോലുള്ള സാമൂഹിക കൂടിച്ചേരലുകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. രോഗം മാറി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ ഏഴു ദിവസം അനാവശ്യ യാത്രകള്‍ ഒഴവക്കണമെന്നും മറ്റുള്ളവരുമായി ഇടപെടരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

കോവിഡ് ഭേദമായി ആശുപത്രി വിട്ടവര്‍ക്കും ഇനിമുതല്‍ ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്ല. നിര്‍ബന്ധിത ക്വാറന്റീന്‍ ഇല്ലെങ്കിലും കോവിഡ് ഭേദമായവര്‍ ഏഴുദിവസത്തേക്ക് അനാവശ്യയാത്രകളും സമ്പര്‍ക്കവും ഒഴിവാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.

Most Popular