കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. XBB. 1.5 എന്ന വകഭേദമാണ് കുവൈത്തില്‍ നടത്തിയ ജനിതകശ്രേണി പരിശോധനയിലും കണ്ടെത്തിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ ലോകത്ത് മുപ്പതിലധികം രാജ്യങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ട വകഭേദമാണ് ഇത്.
രാജ്യത്തെ പകര്‍ച്ചവ്യാധി നിയന്ത്രണ സ്ഥിതി ഇപ്പോള്‍ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. എന്നിരുന്നാലും പുതിയ വകഭേദം കൂടുതല്‍ വേഗത്തില്‍ വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്. പലയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് വ്യാപനത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.