കുവൈത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഫാമിലി വിസകള്‍ അനുവദിച്ചു തുടങ്ങി

kuwait city

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും ഫാമിലി വിസകള്‍ അനുവദിച്ചു തുടങ്ങി. ആദ്യഘട്ടത്തില്‍ അഞ്ച് വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രധാനമായും വിസ അനുവദിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ, അഞ്ച് വയസില്‍ താഴെ പ്രായമുള്ള മക്കളെ ഇപ്പോള്‍ ഫാമിലി വിസ എടുത്ത് രാജ്യത്തേക്ക് കൊണ്ടുവരാം. മാതാപിതാക്കള്‍ രണ്ട് പേരും കുവൈത്തിലുള്ളവര്‍ക്കാണ് ഇത് ഉപയോഗപ്പെടുത്താനാവുക.

കുട്ടികള്‍ക്ക് ഫാമിലി വിസകള്‍ അനുവദിക്കാനുള്ള തീരുമാനം നവംബര്‍ 20നാണ് പ്രഖ്യാപിച്ചത്. വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരുന്നതിനാല്‍ പ്രവാസി ദമ്പതികള്‍ക്ക് ചെറിയ കുട്ടികളെപ്പോലും സ്വന്തം നാട്ടില്‍ നിര്‍ത്തിയിട്ട് വരേണ്ട അവസ്ഥയുണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് കുട്ടികള്‍ക്കായി വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. ഇതുവരെ വിസ ലഭിച്ചവരില്‍ ഭൂരിപക്ഷവും അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്.

അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വിസ ലഭിക്കാന്‍ മാതാപിതാക്കള്‍ക്ക് രണ്ട് പേര്‍ക്കും സാധുതയുള്ള താമസ വിസയുണ്ടായിരിക്കുകയും രണ്ട് പേരും കുവൈത്തില്‍ തന്നെ ഉണ്ടായിരിക്കുകയും വേണം. ഇരുവരും ഫാമിലി വിസയ്ക്ക് ആവശ്യമായ ശമ്പള നിബന്ധനകളും പാലിച്ചിരിക്കണം. ഒരു വയസില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുവരാന്‍ ശമ്പള നിബന്ധനയില്‍ ഇളവ് ലഭിക്കും.