കുവൈത്ത് സിറ്റി: തണുപ്പുകാലത്ത് കൂടുതൽ സർവീസുകൾ ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത് വ്യോമയാന വകുപ്പ്. ഈ മാസം അവസാനത്തോടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുന്നത്. കുവൈത്തിൽ വാണിജ്യ വിമാനസർവിസുകൾ പുനരാരംഭിച്ച ശേഷം കുവൈത്ത് വിമാനത്താവളം വഴി 14 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 63 ശതമാനം പേരും യാത്രചെയ്തത് ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിലേക്കാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട കണക്കുപ്രകാരം ആഗസ്റ്റ് ഒന്നിന് ശേഷം 14 ലക്ഷം പേരാണ് കുവൈത്ത് വിമാനത്താവളം വഴി യാത്രചെയ്തത്. ഇതിൽ 8,78,000 പേരുടെ പോക്കുവരവ് തുർക്കി, സൗദി, ഈജിപ്ത്, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിലേക്കാണ്. വാണിജ്യ സർവിസുകൾ ആരംഭിച്ചശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തിനകത്തേക്കും പുറത്തേക്കും യാത്രചെയ്ത മൊത്തം യാത്രക്കാരുടെ 63 ശതമാനമാണിത്.