Thursday, December 8, 2022
HomeGulfകുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന്

കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന്

കുവൈത്ത് സിറ്റി∙ കുവൈത്ത് ഇന്ന് പോളിങ് ബൂത്തിലേക്ക്. 23 പോളിങ് ബൂത്തുകളിലായി 50 സീറ്റിലേക്ക് 27 വനിതകൾ ഉൾപ്പെടെ 305 പേർ മത്സര രംഗത്തുണ്ട്. 5 മണ്ഡലങ്ങളിൽ നിന്നു 10 പേരെ വീതമാണ് തിരഞ്ഞെടുക്കുക.

പിരിച്ചുവിട്ട സഭയിലെ 40ലേറെ അംഗങ്ങളും ഏതാനും മുൻ എംപിമാരും മത്സരിക്കുന്നുണ്ട്. 21 വയസ്സ് പൂർത്തിയായ 7,95,911 വോട്ടർമാർക്കാണ് സമ്മതിദാനാവകാശം. ഇവരിൽ 51.2% വനിതകൾ ആണ്. കുവൈത്ത് ജനസംഖ്യയിലെ (42 ലക്ഷം) 70% വിദേശികളാണ്.

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള സർക്കാരും പാർലമെന്റും തമ്മിലുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ജൂണിൽ പിരിച്ചുവിടുകയായിരുന്നു.

അവിശ്വാസ പ്രമേയത്തെ തുടർന്ന് 3 തവണ രാജി വയ്ക്കുകയും പിന്നീട് പുതിയ മന്ത്രി സഭ രൂപീകരിക്കുകയും ചെയ്തിരുന്നു. 2021 ഡിസംബറിലാണ് നിലവിലെ സർക്കാർ അധികാരമേറ്റത്. 10 വർഷത്തിനിടെ ആറാമത്തെ തിരഞ്ഞെടുപ്പാണിത്.

രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടിംഗ് പ്രക്രിയ പ്രാദേശിക സമയം രാത്രി 8 മണി വരെ തുടരും, അതിനുശേഷം ഇലക്ടറൽ കമ്മിറ്റി മേധാവികൾ ഔദ്യോഗിക ഫല പ്രഖ്യാപനവും നടത്തുമെന്ന് (KUNA) വാർത്താ ഏജൻസി അറിയിച്ചു.

Most Popular