കുവൈത്ത് സിറ്റി: പ്രവാസികളായ അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത്. പ്രവാസികളായ 1,800 അധ്യാപകരെ കൂടെ പിരിച്ച് വിടാനാണ് കുവൈത്ത് തയ്യാറെടുക്കുന്നത്. ഇസ്ലാമിക വിദ്യാഭ്യാസം, സാമൂഹിക പഠനം, കമ്പ്യൂട്ടർ, കലാ വിദ്യാഭ്യാസം, സംഗീതം എന്നീ മേഖലകളിൽ നിന്നുള്ള പ്രവാസി അധ്യാപകരുടെ സേവനം മതിയാക്കിയേക്കും. അതേസമയം പഠിപ്പിക്കുന്ന വിഷയങ്ങളിൽ കുവൈത്തി പൗരന്മാരുടെ സേവനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി അധ്യാപകരുടെ സർവീസ് അവസാനിപ്പിക്കുക. പൊതുവിദ്യാഭ്യാസ മേഖല ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ അഡ്മിനിസ്ട്രേഷനിലേക്ക് പേരുകൾ നൽകിയിട്ടുണ്ട്.
അധ്യാപന രംഗത്തെ സ്വദേശിവത്കരണം സംബന്ധിച്ച് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദേശ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി സേവനങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള രീതി നടപ്പാക്കുക. ഇത് സംബന്ധിച്ച തീരുമാനങ്ങൾ ജീവനക്കാരെ അറിയിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമുള്ള സമയക്രമം നിശ്ചയിക്കുക തുടങ്ങി കാര്യങ്ങളാണ് ചർച്ച ചെയ്യുക.