കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ഇടപാടുകള്‍ ഇനി ഓണ്‍ലൈന്‍ വഴി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനി ഡ്രൈവിംഗ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലൈസന്‍സ് പുതുക്കുന്നതിനു പാലിക്കേണ്ട നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തിറക്കി.

ഇടപാടുകള്‍ തുടങ്ങുന്നതിനായി ആഭ്യന്തര മന്ത്രാലയ വെബ്സൈറ്റില്‍ (www.moi.gov.kw) സാധുവായ ഉപയോക്തൃ ഐഡിയും പാസ്വേഡും ഉണ്ടായിരിക്കണം. ഈ സര്‍വീസുകള്‍ ഉപയോഗിച്ച് ട്രാഫിക് ലംഘനം, റെസിഡന്‍സി നില എന്നിവ പരിശോധിക്കാനും കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. വിദേശികള്‍ക്ക് 65 വയസാവുകയോ പിഴ ഉണ്ടാവുകയോ പ്രഫഷന്‍ മാറുകയോ രാജ്യം വിടുകയോ ചെയ്താല്‍ ലൈസന്‍സ് പുതുക്കാന്‍ കഴിയില്ല. പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടത്തിന് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടന്നും മന്ത്രാലയം വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയ വെബ്സൈറ്റില്‍ സന്ദര്‍ശിച്ച ശേഷം സൈറ്റിനു മുകളില്‍ കാണുന്ന ഇ സര്‍വീസ് എന്ന ടാബില്‍ ക്ലിക്ക് ചെയ്താണ് ബന്ധപ്പെട്ട സേവനത്തിലേക്കു പോവുക. തുടര്‍ന്ന് ട്രാഫിക് പേജില്‍ ആവശ്യമായ സര്‍വീസിനുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്ത് നേരത്തെ സൃഷ്ടിച്ച ഉപയോക്തൃ ഐഡിയും പാസ്വേഡും ടൈപ്പ് ചെയ്യുക. അതിനുശേഷം ആവശ്യമായ രേഖകളും ഫോട്ടോയും അപ്ലോഡു ചെയ്തതിനു ശേഷം കെ-നെറ്റ് ഉപയോഗിച്ച് ഫീസ് ഓണ്‍ലൈനായി അടയ്ക്കുക. അപേക്ഷ അംഗീകരിക്കുകയാണെങ്കില്‍ വിവിധ സ്ഥലങ്ങളിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സെല്‍ഫ് സര്‍വീസ് കിയോസ്‌കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് പ്രിന്റ് ചെയ്തു ലഭിക്കും.