പ്രവാസികളുടെ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി നടപടിയെടുക്കണം

fira kuwait news

കുവൈത്ത് സിറ്റി: പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവരെയും കൊറോണ കൊ്ണ്ട് ബുദ്ധിമുട്ടുന്നവരെയും നാട്ടിലെത്താന്‍ ഇന്ത്യാ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്
ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ രജിസ്‌ട്രേഡ് അസോസിയേഷന്‍സ്(ഫിറ) കുവൈത്ത്.

കുവൈത്ത് സര്‍ക്കാര്‍ ഏപ്രില്‍ 1 മുതല്‍ 30 വരെ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്കു മടങ്ങുന്നവര്‍, കോറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരില്‍ – വരുമാന നഷ്ടവും ജോലിയില്‍ തടസ്സങ്ങളും മറ്റു ബുദ്ധിമുട്ടുകളും നേരിടുന്നവര്‍, സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്ക് കൃത്യ സമയത്ത് മടങ്ങാന്‍ കഴിയാത്തവര്‍, കുട്ടികളുടെ തുടര്‍ പഠനമുള്‍പ്പടെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുത്തവര്‍, ശാരീര അസുഖങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഉള്‍പ്പടെ കോവിഡ് 19 പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും സ്വന്തം രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

കൂടാതെ ലേബര്‍ ക്യാമ്പുകളില്‍ ഉള്‍പ്പടെ താമസിക്കുന്നവര്‍ക്ക് സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള സുരക്ഷിതമായ താമസസൗകര്യം ഉറപ്പുവരുത്തുക, ആവശ്യത്തിന് ഭക്ഷണം, മറ്റു രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, അടിയന്തിര സേവന സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുക, ഇന്ത്യയിലെ ഡോക്ടര്‍മാരുമായി ഓണ്‍ലൈന്‍ / വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം വഴി പ്രവാസി തൊഴിലാളികളുടെ സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനും കൗണ്‍സിലിംഗിനും ഉചിതമായ ക്രമീകരണം നടത്തുക, അര്‍ഹരായ പ്രവാസികള്‍ക്കായി കുവൈത്തിലെ ഇന്ത്യന്‍ എംബസി വഴി കേന്ദ്ര സര്‍ക്കാര്‍ സഹായം വിതരണം ചെയ്യുന്നതിന് കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ 2018 മാര്‍ച്ചിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തിച്ചിരുന്ന എല്ലാ അസോസിയേഷനുകളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒരു ക്ഷേമ സമിതി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.

കോവിഡ്- 19മൂലം തൊഴിലില്ലാത്തവരായിത്തീര്‍ന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിന് ഉചിതമായ പദ്ധതികള്‍ ആവിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ വകുപ്പു മന്ത്രി ഡോ: ജയശങ്കര്‍, വിദേശകാര്യ വകുപ്പു സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

കൂടാതെ വിദേശത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ തയ്യാറായിട്ടുള്ള പ്രവാസി മലയാളികള്‍ക്ക് ആവശ്യമായ പരിശോധനകളും സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ കേരള മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കുവൈത്തില്‍ രൂപീകരിച്ച നോര്‍ക്കയുടെ ഹെല്‍പ് ഡെസ്‌ക് അംഗങ്ങളായി വിവേചനമില്ലാതെ എല്ലാ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളേയും ഉള്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടതായി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ രജിസ്‌ട്രേഡ് അസോസിയേഷന്‍സ് കണ്‍വീനര്‍ ബാബു ഫ്രാന്‍സീസും സെക്രട്ടറി ചാള്‍സ് പി ജോര്‍ജ്ജും അറിയിച്ചു.