ഹമദ് ടൗണിലുണ്ടായ തീപ്പിടിത്തത്തില്‍ നഷ്ടം 2 കോടിയോളം

മനാമ: ബഹ്‌റയ്‌നില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തത്തില്‍ ഉണ്ടായ നഷ്ടം ഒരു ലക്ഷത്തിലധികം ദീനാര്‍(1.9 കോടിയിലധികം ഇന്ത്യന്‍ രൂപ). ഹമദ് ടൗണിലെ സൂഖ് വാഖിഫില്‍ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു തീപിടിച്ചത്. രാത്രിയോടെ മാത്രമാണ് തീ നിയന്ത്രണ വിധേയമാക്കാനായത്.

ഇലക്ട്രിക് സാധനങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയാണ് കത്തിനശിച്ചത്. സൂഖ് വാഖിഫിലെ രണ്ട് ഗോഡൗണുകളിലായിരുന്നു തീപിടിച്ചത്. ആദ്യം തീപിടിച്ച ഗോഡൗണില്‍ 80,000 ദിനാറിന്റെയും രണ്ടാമത്തെ ഗോഡൗണില്‍ 20,000 ദിനാറിന്റെയും നാശനഷ്ടമുണ്ടായി. തീപിടുത്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് സംഭവസമയത്ത് നൂറോളം പേരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.