കുവൈത്തില്‍ 1008 പേര്‍ക്ക് കോവിഡ്; 11 മരണം കൂടി

corona virus in kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ 1008 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3661 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 26192 ആയി. പുതിയ രോഗികളില്‍ 229 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8125 ആയി.

24 മണിക്കൂറിനിടെ 11 പേര്‍ കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 205 ആയി. പുതിയ രോഗികളില്‍ 324 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 163 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 215 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 110 പേര്‍ക്കും ജഹറയില്‍ നിന്നുള്ള 196 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

രോഗമുക്തിയുടെ കാര്യത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വര്‍ധനവാണ് ഉണ്ടായത്. പുതുതായി 883 പേര്‍ക്ക് രോഗം ഭേദമായി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 10156 ആയി.