കുവൈത്തിനെ പിടിച്ചുകുലുക്കുന്ന ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിലും സമീപ രാജ്യങ്ങളിലും അടുത്ത കാലത്തുണ്ടായിക്കൊണ്ടിരിക്കുന്ന ചെറു ഭൂചലനങ്ങള്‍ വരാനിരിക്കുന്ന മഹാവിപത്തിന്റെ സൂചനയാണെന്ന് കുവൈത്തി ഭൗമശാസ്ത്രജ്ഞനായ ഫെര്‍യാല്‍ ബര്‍ബീ. കുവൈത്തിനെ അപ്പാടെ പിടിച്ചുകുലുക്കുന്ന നാശനഷ്ടങ്ങള്‍ ഭൂകമ്പത്തിലുണ്ടായേക്കാമെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് കുവൈത്തി പത്രമായ അല്‍റായി റിപോര്‍ട്ട് ചെയ്തു.

കുവൈത്തിലും അതിന്റെ സമീപ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സാഗ്രോസ് ബെല്‍റ്റിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ചെറിയതും ഇടത്തരത്തിലുള്ളതുമായ ഭൂചലനങ്ങള്‍ ശ്രദ്ധിക്കാരിതിരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന വലിയ ഭൂകമ്പത്തിന്റെ സൂചനയാണത്.

കുവൈത്തിന്റെ ഭൂമിശാസ്ത്ര ചരിത്രവും ദേശീയ ഭൂകമ്പ പഠന ശൃംഖലയില്‍ നിന്നുള്ള വിവരങ്ങളും പഠനവിധേയമാക്കിയാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. കുവൈത്തിനകത്തും തെക്കുപടിഞ്ഞാറന്‍ ഇറാന്‍ മുതല്‍ കിഴക്കന്‍ തുര്‍ക്കിവരെ നീളുന്ന സാഗ്രോസ് ബെല്‍റ്റിലും അടുത്ത കാലത്ത് നിരവധി ചെറുതും ഇടത്തരവുമായ ഭൂകമ്പങ്ങള്‍ ഉണ്ടായതായി ഈ വിവരങ്ങളില്‍ പറയുന്നു.

രാജ്യത്തെ ജനസംഖ്യവര്‍ധിച്ചതും ആള്‍വാസം കുവൈത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചതും ഭൂചലനം കൂടുതലായി തിരിച്ചറിയാന്‍ കാരണമായിട്ടുണ്ട്. ഭൂമിക്കടിയിലുള്ള റിസര്‍വോയറുകളില്‍ നിന്ന് എണ്ണ എടുക്കുന്നതും ഭൂകമ്പത്തിന്റെ തോത് വര്‍ധിക്കാന്‍ കാരണമാവുന്നുണ്ടെന്നും പഠനങ്ങളില്‍ വ്യക്തമായതായി ഫെര്‍യാല്‍ ബര്‍ബി പറയുന്നു.

കുവൈത്തില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള കെര്‍മാന്‍ഷായില്‍ 2017 നവംബര്‍ 12ന് ഉണ്ടായ ഭൂകമ്പം കുവൈത്തിനെ ഏത് രീതിയില്‍ സ്വാധീനിച്ചുവെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.